സംസ്‌കാരം പഠിക്കാന്‍ നരേഷ് അഗര്‍വാള്‍ സമയമെടുക്കുമെന്ന് ബിജെപി മന്ത്രി

വിവാദ പരാമര്‍ശം മുന്‍പാര്‍ട്ടിയുടെ സംസ്‌കാരത്തില്‍ നിന്നും അദ്ദേഹം പൂര്‍ണമായും മോചിതനാകാത്തതുകൊണ്ടാണെന്നും ബിജെപിയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ സമയമെടുക്കുമെന്നും അനില്‍ വിജി
സംസ്‌കാരം പഠിക്കാന്‍ നരേഷ് അഗര്‍വാള്‍ സമയമെടുക്കുമെന്ന് ബിജെപി മന്ത്രി

ചണ്ഡിഗഡ്: ജയ ബച്ചന് എതിരെ മുന്‍ എസ് പി നേതാവ് നരേഷ് അഗര്‍വാളിന്റെ പ്രസ്താവനയെ തൊട്ടും തലോടിയും ബിജെപി നേതാവും ഹരിയാന മന്ത്രിയുമായ അനില്‍ വിജി രംഗത്ത്. ജയ ബച്ചാനെ നരേഷ് അഗര്‍വാള്‍ നൃത്തക്കാരി എന്നു വിശേഷിപ്പിച്ചത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാദ പരാമര്‍ശം മുന്‍പാര്‍ട്ടിയുടെ സംസ്‌കാരത്തില്‍ നിന്നും അദ്ദേഹം പൂര്‍ണമായും മോചിതനാകാത്തതുകൊണ്ടാണെന്നും ബിജെപിയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജയാ ബച്ചനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ് നരേഷ് അഗര്‍വാള്‍ ഇന്ന് രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും അഗര്‍വാള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലേക്കെത്തിയ നരേഷ് അഗര്‍വാള്‍ ജയാ ബച്ചന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പരാമര്‍ശം നടത്തിയതാണ് വിവാദമായത്. സിനിമകളില്‍ നൃത്തം ചെയ്തുനടന്നൊരാള്‍ക്ക് സമാജ് വാദി പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്കിയത് ഖേദകരമാണ് എന്നായിരുന്നു പരാമര്‍ശം. തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നരേഷ് അഗര്‍വാള്‍ സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയത്.

നരേഷ് അഗര്‍വാളിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കേന്ദ്രമന്ത്രി സുഷമാ സ്വരാജ് അടക്കമുള്ളവര്‍ അഗര്‍വാളിനെ വിമര്‍ശിച്ച് രംഗത്തെത്തി. തുടര്‍ന്നാണ് പരാമര്‍ശത്തില്‍ നരേഷ് അഗര്‍വാള്‍ ഖേദം പ്രകടിപ്പിച്ചത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. ആ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ വികാരങ്ങള്‍ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും നരേഷ് അഗര്‍വാള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com