ബിജെപിയെ തോല്‍പ്പിക്കുക,  മായാവതി പറഞ്ഞു;യുപിയില്‍ നടന്നത് ഇതാണ് 

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മണ്ഡലമായിരുന്ന ഫുല്‍പൂരിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ബിജെപിക്ക് തിരിച്ചടിയായത് ബിഎസ്പി നേതാവ് മായാവതിയുടെ നിലപാടുകള്‍
ബിജെപിയെ തോല്‍പ്പിക്കുക,  മായാവതി പറഞ്ഞു;യുപിയില്‍ നടന്നത് ഇതാണ് 

അലഹബാദ്: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മണ്ഡലമായിരുന്ന ഫുല്‍പൂരിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ബിജെപിക്ക് തിരിച്ചടിയായത് ബിഎസ്പി നേതാവ് മായാവതിയുടെ നിലപാടുകള്‍. ഏതുവിധേയനെയും ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിച്ച മായാവതിയുടെ തന്ത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ യുപി തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ വിജയത്തിന്റെ തിളക്കം വര്‍ധിപ്പിച്ചത്. ഇരു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരെ നില്‍ക്കുന്ന ശക്തനായ എതിരാളിയെ പിന്തുണയ്ക്കാനാണ് മായാവതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഫലത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാകുകയായിരുന്നു തെരഞ്ഞെടുപ്പ്. മായാവതിയുടെ സ്വാധീനഫലമായി ദളിത് -പിന്നോക്ക വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ അണിനിരന്നുവെന്നാണ് റിപ്പോര്‍ട്ട്. 
 
ഫുല്‍പുര്‍, ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ മായാവതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്ത്രപരമായ നിര്‍ദേശം നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരായി മത്സരിക്കുന്ന കരുത്തുറ്റ എതിരാളിക്ക് അനുകൂലമായി പ്രചാരണം നടത്താന്‍ മായാവതി നിര്‍ദേശിക്കുകയായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. താഴെക്കിടയില്‍ മികച്ച പ്രവര്‍ത്തനമാണ് ബിഎസ്പി കാഴ്ചവെച്ചത്. ഇത് ദളിത്- പിന്നോക്ക വോട്ടുകള്‍ ഒന്നടങ്കം എസ്പിക്ക് കീഴെ അണിനിരക്കാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. 

1993ല്‍ സമാനമായ നിലയില്‍ ബദ്ധവൈരികളായ ബിഎസ്പിയും എസ്പിയും സഹകരിച്ചിരുന്നു. ഇതിനെ അനുസ്മരിക്കുന്നവിധം എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു.ഇതോടെ ഇവര്‍ വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചിരുന്നപ്പോള്‍ ബിജെപിക്ക് ലഭിച്ചിരുന്ന മുന്‍തൂക്കം നഷ്ടപ്പെട്ടു. 

ഇതിനെല്ലാം പുറമേ 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഇപ്പോഴും പാലിക്കപ്പെടാത്തതും ബിജെപിക്ക് തിരിച്ചടിയായി. രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന മോദിയുടെ വാഗ്ദാനം ഇപ്പോഴും ജലരേഖയാണ്. ഇതില്‍ നിരാശപൂണ്ട് നല്ലൊരു വിഭാഗം യുവാക്കള്‍ ബിജെപിക്ക് എതിരെ വോട്ടുചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന ജനവിഭാഗങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. പെന്‍ഷന്‍ സംബന്ധിച്ച ആശങ്കയിലാണ് വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍ നേരിടുന്ന നല്ലൊരു വിഭാഗം മുതിര്‍ന്ന പൗരന്മാര്‍. ബിജെപി പെന്‍ഷന്‍ നിര്‍ത്തിയത് ഉള്‍പ്പെടെയുളള വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു.

വൈദ്യൂതി നിരക്ക് ഉയരുന്നതും ആശങ്കയോടെയാണ് ഗ്രാമീണ ജനത വീക്ഷിക്കുന്നത്. ഈ ഘട്ടത്തിലും സൗജന്യമായി എല്‍പിജി സിലിണ്ടര്‍ നല്‍കാമെന്ന മോദിയുടെ വാഗ്ദാനം ജനം ഏറ്റെടുത്തിട്ടില്ല. തൊഴില്‍ എവിടെ എന്ന ചോദ്യമാണ് ഇവിടെ മുഖ്യമായി മുഴങ്ങി കേള്‍ക്കുന്നത്. 

ഫുല്‍പൂരില്‍ എസ്പിയും ബിജെപിയും പിന്നോക്കവിഭാഗമായ കുര്‍മീസ് സമൂദായത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിച്ചത്. ഇത് ദളിത് വോട്ടുകള്‍ നിര്‍ണായകമാക്കി. 5.5 ലക്ഷം ദളിത് വോട്ടുകളാണ് മണ്ഡലത്തിലുളളത്. ഇവിടെ എസ്പിക്ക് പിന്തുണ നല്‍കാനുളള ബിഎസ്പിയുടെ തീരുമാനവും ബിജെപിക്ക് തിരിച്ചടിയായി. 2.5 ലക്ഷമുളള മുസ്ലീം വോട്ടുകളും എസ്പിക്ക് അനുകൂലമായി വോട്ടുചെയ്തു വെന്നാണ് അനുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com