ഗബ്ബര്‍ സിങ് ടാക്‌സിന് പിന്നിലും അനലിറ്റിക്ക; രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി 

ഗുജറാത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രചരണം നിയന്ത്രിച്ചത് കേംബ്രിഡ്ജ് അനലിറ്റിക്കയാണെന്ന് രവിശങ്കര്‍ പ്രസാദ്
ഗബ്ബര്‍ സിങ് ടാക്‌സിന് പിന്നിലും അനലിറ്റിക്ക; രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി 

ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലിറ്റക്കയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുളള വാക്‌പോര് മുറുകുന്നു. ഐഎസ് ബന്ദികളാക്കിയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിലെ വീഴ്ച മറയ്ക്കാനാണ് കേംബ്രിഡ്ജ് അനലിറ്റിക്കയെയും കോണ്‍ഗ്രസിനെയും ബന്ധപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കഥകള്‍ മെനയുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
ഇതിന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായം തേടിയെന്ന ആരോപണം ഉന്നയിച്ച് ബിജെപി അതേനാണയത്തില്‍ തിരിച്ചടിച്ചു. കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഈ ആരോപണം ഉന്നയിച്ചത്.

ഗുജറാത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രചരണം നിയന്ത്രിച്ചത് കേംബ്രിഡ്ജ് അനലിറ്റിക്കയാണെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. രാഹുലിന് അനലിറ്റിക്കയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മാസങ്ങള്‍ മുന്‍പ് തന്നെ വന്നിരുന്നു. ഈ കമ്പനിയുടെ വിവര ശേഖര സംവിധാനത്തിന്റെ സഹായത്തോടെയാണ് രാഹുല്‍, ജി.എസ്.ടിയെ ഗബ്ബര്‍ സിംഗ് ടാക്‌സ് എന്ന് വിശേഷിപ്പിച്ചതെന്നും പ്രസാദ് പറഞ്ഞു.പ്രകോപനപരവും വ്യാജവും,നിലവാരം കുറഞ്ഞതുമായ പ്രചരണങ്ങള്‍ക്ക് പേരെടുത്ത കമ്പനിയാണ് അനലിറ്റക്കയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം ഈ ആരോപണം കോണ്‍ഗ്രസ് തളളി. 

നേരത്തെ ഐഎസ് ബന്ദികളാക്കിയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിലെ വീഴ്ച മറയ്ക്കാനാണ് കേംബ്രിഡ്ജ് അനലിറ്റിക്കയെയും കോണ്‍ഗ്രസിനെയും ബന്ധപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കഥകള്‍ മെനയുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയ വിവാദ സ്ഥാപനവും കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് കേന്ദ്രം ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.

ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ സര്‍ക്കാര്‍ നുണ പറയുകയായിരുന്നെന്ന് ഏവര്‍ക്കും ബോധ്യമായിട്ടുണ്ട്. അതിലെ വീഴ്ച മറയ്ക്കാന്‍ പുതിയ കഥകളുണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപപെടുത്തി. കോണ്‍ഗ്രസിന് ഡാറ്റ മോഷണവുമായി ബന്ധമുണ്ടെന്ന കഥ അങ്ങനെയുണ്ടായതാണ്. മാധ്യമങ്ങള്‍ ഇതിനു പുറമേ പോവുമ്പോള്‍ 39 ഇന്ത്യക്കാരുടെ മരണം അപ്രത്യക്ഷമാവുമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com