മധ്യപ്രദേശില്‍ ഗുജറാത്ത് ആവര്‍ത്തിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്; ഹാര്‍ദിക് പട്ടേലിനെ സ്വാഗതം ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശിലും നിര്‍ണായക വോട്ടുബാങ്കായ പട്ടിദാര്‍ വിഭാഗത്തെ കൂടെകൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ ഗുജറാത്ത് ആവര്‍ത്തിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്; ഹാര്‍ദിക് പട്ടേലിനെ സ്വാഗതം ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: ഗുജറാത്തില്‍ പയറ്റിയ തന്ത്രം കോണ്‍ഗ്രസ് മധ്യപ്രദേശിലും പ്രയോഗിക്കാന്‍ ഒരുങ്ങുന്നു. ഗുജറാത്തില്‍ പട്ടിദാര്‍ വിഭാഗത്തെ കൂടെക്കൂട്ടിയതാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കിയത്. സമാനമായ നിലയില്‍ മധ്യപ്രദേശിലും നിര്‍ണായക വോട്ടുബാങ്കായ പട്ടിദാര്‍ വിഭാഗത്തെ കൂടെകൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേലിനെ മധ്യപ്രദേശിലേക്ക് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ സ്വാഗതം ചെയ്തു. ബിഎസ്പിയുമായി ധാരണയിലേക്ക് നീങ്ങുന്നതായുളള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പട്ടിദാര്‍ വിഭാഗത്തെയും ഒപ്പം നിര്‍ത്താനുളള കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ ബിജെപി കേന്ദ്രങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.

മധ്യപ്രദേശില്‍ കോളാറാസ്, മുഗോലി എന്നിവിടങ്ങളില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്  വന്‍ തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ ഇതില്‍ മാത്രം സന്തുഷ്ടരല്ലെന്ന് വ്യക്തമാക്കിയ  ജ്യോതിരാദിത്യ സിന്ധ്യ ആസന്നമായിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയത്തിനായി കഠിന പ്രയത്‌നം നടത്തുമെന്ന് പറഞ്ഞു. ഈ വര്‍ഷം അവസാനം മധ്യപ്രദേശും രാജസ്ഥാനും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍.

ഇനി തെരഞ്ഞെടുപ്പിന് എട്ടുമാസം മാത്രം അവശേഷിക്കേ, വിജയത്തിനായി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്തിടെ ബിഎസ്പിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ നിര്‍ണായക വോട്ടുബാങ്കായ പട്ടിദാര്‍ വിഭാഗത്തെ കൂടെകൂട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

മധ്യപ്രദേശിലേക്ക് ഹാര്‍ദിക് പട്ടേലിനെ ക്ഷണിച്ചതായി സ്ഥിരീകരിച്ച ജ്യോതിരാദിത്യ സിന്ധ്യ,ഹാര്‍ദിക് പട്ടേലുമായി ഊഷ്മള ബന്ധമാണ് ഉളളതെന്ന് വ്യക്തമാക്കി. ഇത്തരത്തില്‍ അനീതിക്ക് എതിരെ സമാനമനസ്‌ക്കരായ എല്ലാവരുമായുളള യോജിപ്പിനുളള ശ്രമത്തിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം അറിയിച്ചു. 

 മാസങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ പരാജയപ്പെടുത്തിയതിനു ശേഷം മാത്രമേ മാല അണിയുവെന്ന് ജ്യോതിരാദിത്യസിന്ധ്യ ശപഥം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com