മൂന്നാം യുപിഎ എന്ന ആശയം വിജയിക്കാന്‍ പോകുന്നില്ല; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഎം 

മൂന്നാം യുപിഎ എന്ന കോണ്‍ഗ്രസ് ആശയം വിജയിക്കാന്‍ പോകുന്നില്ലെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കി
മൂന്നാം യുപിഎ എന്ന ആശയം വിജയിക്കാന്‍ പോകുന്നില്ല; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഎം 

ന്യൂഡല്‍ഹി:  ദേശീയ തലത്തില്‍ ബിജെപിയെ ചെറുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മുന്നോട്ടുപോകുമ്പോള്‍, ആ നീക്കത്തെ വിമര്‍ശിച്ച് സിപിഎം രംഗത്ത്. മൂന്നാം യുപിഎ എന്ന കോണ്‍ഗ്രസ് ആശയം വിജയിക്കാന്‍ പോകുന്നില്ലെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കി. യുപിഎ പരീക്ഷണം എല്ലാ വിശ്വാസ്യതയും നഷ്ടപ്പെടുത്തി. അതിനാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ബിജെപി വിരുദ്ധ മുന്നണിയുമായി സഹകരിക്കാന്‍ ചില പ്രാദേശിക പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇതിന് ബദലായി അതാത് സംസ്ഥാനങ്ങളില്‍ ബിജെപി വോട്ടുകള്‍ സമാഹരിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ തമ്മില്‍ നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നതാണ് ഉചിതം. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിയും ബിഎസ്പിയും പരസ്പരം സഹകരികരിച്ചത് ഇതിന് മികച്ച ഉദാഹരണമാണെന്നും സിപിഎം വ്യക്തമാക്കി.

 ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ നിര രൂപപ്പെടുത്തിയെടുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് വരുകയാണ്. അടുത്തിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ അത്താഴ വിരുന്ന് നടത്തിയത് ഇത് ലക്ഷ്യമിട്ടാണ്. നേതാക്കള്‍ക്കിടയില്‍ യോജിപ്പിനുളള ഒരു വേദി സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഇത്തരം പരിപാടിക്ക് കോണ്‍ഗ്രസ് മുന്‍കൈയെടുത്തത്. ഇതില്‍ സിപിഎം പ്രതിനിധി പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ദിവസങ്ങള്‍ക്കകമാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച്  സിപിഎം രംഗത്തുവന്നത്.

ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ഒരു തെരഞ്ഞെടുപ്പ് ധാരണയും വേണ്ടെന്നാണ് സിപിഎമ്മിന്റെ കരടു രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നത്. ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു മുന്നണി രൂപികരിക്കുക എന്ന ആശയത്തെയും സിപിഎം എതിര്‍ക്കുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം യുപിഎ എന്ന കോണ്‍ഗ്രസ് ആശയത്തെ സിപിഎം അവരുടെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ എതിര്‍ത്തത്.

ഉദാഹരണമെന്ന നിലയില്‍ ബിജെഡി, ടിഡിപി, ടിആര്‍എസ് എന്നി പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളെ പോലെ തന്നെ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു മുന്നണി സംവിധാനം രൂപികരിക്കുന്നതിനെ എതിര്‍ക്കുന്നതായി സിപിഎം ചൂണ്ടികാണിക്കുന്നു. അതുപോലെ ബിജെപി, കോണ്‍ഗ്രസ് ഇതര മുന്നണി രൂപികരിക്കാനുളള ടിആര്‍എസ് നേതാവ് ചന്ദ്രശേഖര്‍ റാവുവിന്റെ നീക്കവും പരാജയപ്പെടും. നയങ്ങളിലും, താല്പര്യങ്ങളിലും  പ്രാദേശിക പാര്‍ട്ടികള്‍ പരസ്പരം വ്യത്യസ്ത നിലപാടാണ് പുലര്‍ത്തുന്നത്. ഇത്തരത്തിലുളള പ്രാദേശിക താല്പര്യങ്ങള്‍ മുന്നണി രൂപികരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും സിപിഎം മുഖപത്രത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിയും ബിഎസ്പിയും പരസ്പരം സഹകരികരിച്ചത് നല്ല ഉദാഹരണമാണ്. ഇത്തരം തന്ത്രപരമായ നീക്കങ്ങളിലുടെ ബിജെപിയെ അകറ്റുകയാണ് വേണ്ടതെന്നും സിപിഎം ഓര്‍മ്മിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com