സമാജ്‌വാദി പാര്‍ട്ടിയെ പിളര്‍ത്താനുളള അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി; ശിവ്പാല്‍ യാദവും എംഎല്‍എമാരും തിരിച്ചെത്തി

സമാജ്‌വാദി പാര്‍ട്ടിയെ പിളര്‍ത്താനുളള അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി; ശിവ്പാല്‍ യാദവും എംഎല്‍എമാരും തിരിച്ചെത്തി

ഉത്തര്‍പ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി. കക്ഷിനില അനുസരിച്ച് ബിഎസ്പിക്ക് കൂടുതല്‍ സാധ്യതയുളള ഒരു രാജ്യസഭ സീറ്റ് പിടിച്ചെടുക്കാനുളള അമിത് ഷായുടെ മോഹങ്ങള്‍ക്കാണ് മങ്ങലേറ്റത്. സമാജ് വാദി പാര്‍ട്ടിയെ പിളര്‍ത്തി ബിഎസ്പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാനുളള ബിജെപിയുടെ തന്ത്രങ്ങള്‍ പാളിയതായാണ് റിപ്പോര്‍ട്ട്. 

തങ്ങള്‍ക്ക് അനുകൂലമായി വോട്ടുചെയ്യുന്നതിന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവിനെ ഉപയോഗിച്ച് കരുക്കള്‍ നീക്കിയ ബിജെപിയെ ഞെട്ടിച്ച് ഭൂരിഭാഗം എംഎല്‍എമാരും അഖിലേഷിന്റെ അത്താഴവിരുന്നില്‍ പങ്കെടുത്തു. സമാജ് വാദി പാര്‍ട്ടിയോട് കൂറ് പ്രഖ്യാപിച്ചായിരുന്നു ശിവ്പാല്‍ യാദവും അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കുന്ന മറ്റു അഞ്ച് എംഎല്‍എമാരുമാണ് അഖിലേഷ് യാദവ് ആതിഥേയത്വം വഹിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാളിന്റെ മകന്‍ മാത്രമാണ് ഇതിന് ഒരു അപവാദം. അദ്ദേഹം അത്താഴവിരുന്നില്‍ പങ്കെടുത്തില്ല.

ഒരു വര്‍ഷത്തിന് ശേഷം ആദ്യമായാണ് ശിവ്പാല്‍ യാദവും അഖിലേഷ് യാദവും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയും ഇന്നലെയുണ്ടായി. പിതാവ് മുലായംസിങ് യാദവുമായുളള തര്‍ക്കത്തെ തുടര്‍ന്ന് അഖിലേഷ് യാദവും ശിവ് പാല്‍ യാദവും അകല്‍ച്ചയിലായിരുന്നു. ഗോരഖ്പൂര്‍, ഫുല്‍പുര്‍ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ചുക്കാന്‍ പിടിച്ച അഖിലേഷ് യാദവില്‍ പ്രതീക്ഷ പ്രകടിപ്പിച്ച ശിവ്പാല്‍ യാദവ് എസ്പിക്കും ബിഎസ്പിക്കും വേണ്ടി വോട്ടുചെയ്യുമെന്ന് നിലപാട് വ്യക്തമാക്കി.


കഴിഞ്ഞ ദിവസം രാവിലെ നടന്ന സമാജ് വാദി പാര്‍ട്ടിയുടെ യോഗത്തില്‍ നിന്നും ശിവ്പാല്‍ യാദവ് അടക്കം ഏഴു എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. ഇത് അമിത് ഷായുടെ രാഷ്ട്രീയ തന്ത്രമാണെന്നും എസ്.പി ബി.എസ്.പി സഖ്യത്തിന് തുടക്കത്തിലെ കല്ലുകടി എന്ന നിലയിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അത്താഴവിരുന്നില്‍ പങ്കെടുത്ത് ശിവ്പാല്‍ യാദവ് സമാജ് വാദി പാര്‍്ട്ടിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. 

കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശിവ്പാല്‍ യാദവ് അടക്കമുളള ഏഴു എംഎല്‍എമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തിരുന്നു. ഈ അനുകൂല നിലപാട് രാജ്യസഭ തെരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

25 വര്‍ഷത്തെ രാഷ്ട്രീയ വൈരാഗ്യം മറന്ന് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ് അഖിലേഷ് യാദവും മായവതിയും ഒന്നിച്ചത്. ഇതിനെ തുടര്‍ന്ന് മികച്ച വിജയം നേടിയതിനാല്‍ സഖ്യം തുടരാന്‍ ഇരുപാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. പത്ത് രാജ്യസഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. നിയമസഭയില്‍ 311 അംഗങ്ങളുള്ള ബി.ജെ.പി ഇതില്‍ എട്ട് സീറ്റുകള്‍ ഉറപ്പിച്ചു കഴിഞ്ഞു. ബാക്കി രണ്ട് സീറ്റുകളിലേക്ക് എസ്.പിയും ബി.എസ്.പിയും മത്സരിക്കുന്നുണ്ട്. 37 വോട്ടുകളാണ് ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വേണ്ടത്.

47 അംഗങ്ങളുളള സമാജ് വാദി പാര്‍ട്ടിക്ക് അവരുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയും. നിയമസഭയില്‍ 19 സീറ്റുകള്‍ മാത്രമുള്ള ബി.എസ്.പി, എസ്.പിയുടെയും അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിന്റെയും പിന്തുണയോടെയാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.എസ്പിയുടെ അധികമുളള പത്തുവോട്ടുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ സമാനമനസ്‌ക്കരായ മറ്റു പാര്‍ട്ടികളുടെ വോട്ടുകളിലുടെ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ബിഎസ്പി കണക്കുകൂട്ടിയിരുന്നത്.

പടിഞ്ഞാറന്‍ യുപിയിലെ ബിസിനസുകാരനും അടുത്തിടെ സമാജ് വാദി പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയില്‍ ചേക്കേറിയ നരേഷ് അഗര്‍വാളിന്റെ മകനുമായ അനില്‍ അഗര്‍വാളിനെ ബിഎസ്പി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ക്രോസ് വോട്ടിങ്ങും, കുതിരക്കച്ചവടവും നടത്തി ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എതിരാളികള്‍ ആരോപിക്കുന്നു.ഇതിന്റെ ചുവടുപിടിച്ച് ബിജെപി നടത്തിയ തന്ത്രങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com