വിവരം ചോര്‍ന്നതുകൊണ്ടല്ല ആപ്ലിക്കേഷന്‍ പിന്‍വലിച്ചത് ; വിശദീകരണവുമായി കോണ്‍ഗ്രസ്

'വിത് ഐഎന്‍സി' എന്ന മൊബൈല്‍ ആപ്പ് പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്
വിവരം ചോര്‍ന്നതുകൊണ്ടല്ല ആപ്ലിക്കേഷന്‍ പിന്‍വലിച്ചത് ; വിശദീകരണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:  കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍നിന്നു പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പാര്‍ട്ടി രംഗത്ത്. ഡേറ്റ ചോര്‍ന്നെന്ന ആരോപണത്തില്‍ കഴമ്പില്ല. 'വിത് ഐഎന്‍സി' എന്ന മൊബൈല്‍ ആപ്പ് പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസമായി ഈ ആപ്പ് ഉപയോഗിക്കുന്നില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോണ്‍ഗ്രസ് അറിയിച്ചു.

ആപ്ലിക്കേഷനില്‍നിന്ന് ലിങ്ക് നല്‍കിയിരിക്കുന്ന യുആര്‍എല്‍ (http://membership.inc.in) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ യുആര്‍എല്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രവര്‍ത്തനരഹിതമായ യുആര്‍എല്‍ ടൈപ്പ് ചെയ്യുമ്പോള്‍ http://www.inc.in എന്ന യുആര്‍എല്ലിലേക്കു പോകണമെന്ന് നിര്‍ദേശിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

അംഗത്വം നേടുന്നതിനുള്ള ലിങ്ക് മൊബൈല്‍ ആപ്ലിക്കേഷനില്‍നിന്നു വെബ്‌സൈറ്റിലേക്കു മാറ്റിയിരുന്നു. ഇതിനുശേഷം സമൂഹമാധ്യമങ്ങളിലേക്കുള്ള അപ്‌ഡേറ്റുകള്‍ മാത്രമാണ് ഈ ആപ്പു വഴി നടത്തിയിരുന്നത്. എന്നാല്‍ പ്രവര്‍ത്തനരഹിതമായ യുആര്‍എല്‍ ഉപയോഗിച്ചു സമൂഹമാധ്യമത്തില്‍ കോണ്‍ഗ്രസിനെ താഴ്ത്തിക്കെട്ടാനുള്ള നീക്കങ്ങള്‍ വര്‍ധിച്ചതിനാല്‍ ആപ്ലിക്കേഷന്‍ പ്ലേസ്‌റ്റോറില്‍നിന്നു നീക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ട്വീറ്റില്‍ കോണ്‍ഗ്രസ് വിശദീകരിച്ചു. 

കോണ്‍ഗ്രസ് അംഗത്വം നേടാനുള്ള വെബ്‌സൈറ്റ് ലിങ്കും ട്വിറ്ററില്‍ കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അംഗത്വവിതരണം വെബ്‌സൈറ്റ് വഴിയാണെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജ് ദിവ്യ സ്പന്ദന അറിയിച്ചു. കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പില്‍ നിന്നും സിംഗപ്പൂരിലെ സര്‍വറുകളിലേക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് ആപ്ലിക്കേഷന്‍ കോണ്‍ഗ്രസ് പിന്‍വലിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com