ബിജെപിയോട് മുഖത്തോട് മുഖം നോക്കി പോരാടണമെന്ന് മമത; ബിജെപി വിരുദ്ധ മുന്നണിക്കായി സോണിയയുടെ പിന്തുണ തേടി

ബിജെപിയോട് മുഖത്തോട് മുഖം നോക്കി പോരാടണമെന്ന് മമത; ബിജെപി വിരുദ്ധ മുന്നണിക്കായി സോണിയയുടെ പിന്തുണ തേടി

ബിജെപിക്കെതിരെ നേരിട്ടുളള മത്സരമാണ് ആവശ്യമെന്ന് മമത ബാനര്‍ജി പ്രതികരിച്ചു

ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ മുന്നണി ലക്ഷ്യമിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരെ നേരിട്ടുളള മത്സരമാണ് ആവശ്യമെന്ന് മമത ബാനര്‍ജി പ്രതികരിച്ചു. ഇതിനായി രൂപികരിക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ മുന്നണിയെ കോണ്‍ഗ്രസ് സഹായിക്കണമെന്ന് സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചതായി മമത മാധ്യമങ്ങളോട് പറഞ്ഞു. 

നേരത്തെ മോദിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവരുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. 

രാജ്യത്തിന് വേണ്ടി മികച്ച സേവനം ചെയ്യുന്ന വ്യക്തിയാണ് മമത. അവര്‍ തന്റെ പഴയ സഹപ്രവര്‍ത്തകയാണ്. രാഷ്ട്രീയത്തെക്കാളും വലുതാണ് രാഷ്ട്രമെന്നും കൂടിക്കാഴ്ചക്കു ശേഷം ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.ബിജെപിയുടെ നിയന്ത്രണം നരേന്ദ്ര മോദിയില്‍ നിന്ന് അമിത് ഷായിലേക്ക് കൈമാറ്റം ചെയ്യുകയാണെന്ന് അരുണ്‍ ഷൂരി കുറ്റപ്പെടുത്തി.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കുന്നതിനായി എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേനയുമായി ചൊവ്വാഴ്ച മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കാന്‍ തയാറാവണം. ഉത്തര്‍പ്രദേശില്‍ മായാവതിയുടേയും അഖിലേഷിന്റെയും പാര്‍ട്ടി ശക്തമാണ്. അതുകൊണ്ട് ബിജെപിക്കെതിരേ സംസ്ഥാനത്ത് അവര്‍ ഒരുമിച്ച് നില്‍ക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.താന്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. നോട്ട് റദ്ദാക്കല്‍, ജിഎസ്ടി, വായ്പ തട്ടിപ്പ് എന്നിവയെ തുടര്‍ന്ന് ബിജെപിക്കെതിരേ ജനവികാരം ശക്തമാണ്. അതുകൊണ്ട് തന്നെ ബിജെപിയെ അധികാരത്തില്‍ നിന്ന് കെട്ടുകെട്ടിക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com