അംബേദ്കറുടെ പേരും പരിഷ്‌കരിച്ച് യോഗി ; 'രാംജി' കൂട്ടിചേര്‍ക്കണമെന്ന് ഉത്തരവ്  

ഗവര്‍ണര്‍ രാം നായികിന്റെ നിര്‍ദേശ പ്രകാരമാണ് യുപി സര്‍ക്കാര്‍ അംബേദ്കറിന്റെ പേരില്‍ പരിഷ്‌കാരം വരുത്തിയിട്ടുള്ളത്
അംബേദ്കറുടെ പേരും പരിഷ്‌കരിച്ച് യോഗി ; 'രാംജി' കൂട്ടിചേര്‍ക്കണമെന്ന് ഉത്തരവ്  

ലഖ്‌നൗ : ഭരണഘടനാശില്‍പ്പി ഡോ അംബേദ്കറുടെ പേരിന് നടുവില്‍ ഇനി മുതല്‍ 'രാംജി' എന്ന് കൂടി ചേര്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഔദ്യോഗിക രേഖകളില്‍ ഡോ. ഭീം റാവു അംബേദ്കര്‍ എന്ന് രേഖപ്പെടുത്തിയിരുന്നത്, ഇനി മുതല്‍ 'ഭീം റാവു രാംജി അംബേദ്കര്‍' എന്നാക്കണമെന്നാണ് പുതിയ ഉത്തരവിലൂടെ യുപിയിലെ ബിജെപി സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ഗവര്‍ണര്‍ രാം നായികിന്റെ നിര്‍ദേശ പ്രകാരമാണ് യുപി സര്‍ക്കാര്‍ അംബേദ്കറിന്റെ പേരില്‍ പരിഷ്‌കാരം വരുത്തിയിട്ടുള്ളത്. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ വകുപ്പുകള്‍ക്കും, ലഖ്‌നൗ, അലഹാബാദ് ഹൈക്കോടതി ബെഞ്ചുകള്‍ക്കും നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. ദളിത് സമുദായ നേതാവിനെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് എസ് പി നേതാവ് ദീപക് മിശ്ര ആരോപിച്ചു. അംബേദികര്‍ക്കെതിരായിരുന്നു എന്ന ദളിതുകളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കുകയാണ് ബിജെപിയും ആര്‍എസ്എസും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും മിശ്ര ആരോപിച്ചു. 

എന്നാല്‍ ഈ ആരോപണങ്ങളെ ആര്‍എസ്എസ് നിഷേധിച്ചു. ഇതില്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങളില്ല. അംബേദ്കറിന്റെ അച്ഛന്റെ പേര് കൂടി അദ്ദേഹത്തിന്റെ പേരിനൊപ്പം ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ അഭിപ്രായപ്പെട്ടത്. 

ഭരണഘടനയില്‍ അംബേദ്കറിന്റെ ഒപ്പ്‌
ഭരണഘടനയില്‍ അംബേദ്കറിന്റെ ഒപ്പ്‌

മഹാരാഷ്ട്രയില്‍ മക്കളുടെ പേരിന് ഇടയില്‍ അച്ഛന്റെ പേര് കൂടി ഉള്‍പ്പെടുത്തുന്നത് സാധാരണമാണെന്ന് ബാബാസാഹെബ് ഡോക്ടര്‍ ഭീം റാവു അംബേദ്കര്‍ മഹാസഭ ഡയറക്ടര്‍ ഡോക്ടര്‍ ലാല്‍ജി പ്രസാദ് നിര്‍മ്മല്‍ പറഞ്ഞു. അംബേദ്കറിന്റെ പേര് ഇംഗ്ലീഷില്‍ ഉച്ചരിക്കുന്നത് ശരിയാണ്. അതേസമയം ഹിന്ദിയില്‍ ആംബേഡ്കര്‍ എന്നാണ് എഴുതുന്നത്. ഇത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഡോക്ടര്‍ ലാല്‍ജി പ്രസാദ് ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com