ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് യാതൊരു അറിവുമില്ല : കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കെടിഎസ് തുള്‍സിയെയാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്
ജസ്റ്റിസ് ലോയ
ജസ്റ്റിസ് ലോയ

ന്യൂഡല്‍ഹി : സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബ്രിജ് ഗോപാല്‍ ലോയയുടെ മരണം സംബന്ധിച്ച് യാതൊരു അറിവുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെടിഎസ് തുള്‍സിയുടെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പൊലീസ്, പൊതു ക്രമസമാധാനം എന്നിവ ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജഡ്ജി ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 

ജഡ്ജി ലോയ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ച ജസ്റ്റിസ് ലോയയെ, ശാരീരിക അവശതകളെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ആരെങ്കിലും അനുഗമിച്ചിരുന്നോ, ഡോക്ടറോട് അയാള്‍ പറഞ്ഞതെന്ത്, ആശുപത്രി രേഖകള്‍ പ്രകാരം ജസ്റ്റിസ് ലോയയുടെ മരണ സമയം, മരണകാരണം എന്നിവ എന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് കെടിഎസ് തുള്‍സി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ചോദിച്ചിരുന്നത്. 

ഇതിന് നല്‍കിയ മറുപടിയിലാണ് ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു വിവരവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പക്കലില്ലെന്ന് മന്ത്രി ഹന്‍സ് രാജ് ആഹിര്‍ വ്യക്തമാക്കിയത്. അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടുകൊണ്ടിരിക്കുന്നതിനിടെ, 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായിരുന്നു അദ്ദേഹം നാഗ്പൂരിലെത്തിയത്. 

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കര്‍ശന ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം. കേസില്‍ അമിത് ഷായെ രക്ഷിക്കുന്നതിനും ഒത്തുതീര്‍പ്പിനുമായി ജസ്റ്റിസ് ലോയയുടെ മേല്‍ വന്‍ സമ്മര്‍ദ്ദവും കോടികളുടെ കോഴ വാഗ്ദാനവും ഉണ്ടായിരുന്നതായി ജഡ്ജി ലോയയുടെ പിതാവും സഹോദരിയും ആരോപിച്ചിരുന്നു. 

ജഡ്ജി ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി പ്രോസിക്യൂഷനും മഹാരാഷ്ട്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com