വര്‍ഗീയ പ്രസംഗം : ബിജെപി എംപിക്കെതിരെ കേസെടുത്തു

ധര്‍വാഡില്‍ നിന്നുള്ള ബിജെപി എംപി പ്രഹഌദ് ജോഷിക്കെതിരെയാണ് ഹുബ്ലി പൊലീസ് കേസെടുത്തത്
വര്‍ഗീയ പ്രസംഗം : ബിജെപി എംപിക്കെതിരെ കേസെടുത്തു

ബംഗലൂരു : ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയ ബിജെപി നേതാവിനെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന പരാതിയില്‍ കേസെടുത്തു. ധര്‍വാഡില്‍ നിന്നുള്ള ബിജെപി എംപി പ്രഹഌദ് ജോഷിക്കെതിരെയാണ് ഹുബ്ലി പൊലീസ് കേസെടുത്തത്. മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ബിജെപി നേതാവിന്റെ പ്രകോപനപരമായ പ്രസംഗം. കൊല്ലപ്പെട്ട ഗുരുസിദ്ധപ്പ അംബിഗറിന്റെ വസതി സന്ദര്‍ശിച്ച പ്രഹഌദ് ജോഷി, ഒട്ടുമിക്ക മുസ്ലീം പള്ളികളും അനധികൃത ആയുധ സംഭരണ കേന്ദ്രമാണെന്നായിരുന്നു ജോഷിയുടെ പ്രസംഗം. 

ബിജെപി നേതാവിന്റെ പ്രസംഗത്തിനെതിരെ മുസ്ലീം സമുദായത്തിനിടയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സൈദാര്‍ സ്ട്രീറ്റ് ജുമാ മസ്ജിദ് ഭാരവാഹികളായ ജാഫെര്‍സാബ് ഖാസി, മുഹമ്മദ് ഹനീഫ് ഹുല്ലാപ്പടി എന്നിവരുടെ നേതൃത്വത്തില്‍ ഹുബ്ബള്ളിയില്‍ വെള്ളിയാഴ്ച വൈകീട്ട് വന്‍ പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. ബിജെപി എംപിയുടെ പ്രസ്താവന സമൂഹത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരണ ചെലുത്തിയെന്ന് എഫ്‌ഐആറില്‍ കുറ്റപ്പെടുത്തുന്നു. 

നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത പ്രധാനമന്ത്രിയാണെന്ന് പ്രഹഌദ് ജോഷി പറഞ്ഞിരുന്നു. സിദ്ധരാമയ്യ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണെന്ന് അമിത് ഷാ പറഞ്ഞതാണ് പ്രഹഌദ് ജോഷി തെറ്റായി പരിഭാഷപ്പെടുത്തിയത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com