കത്തുവ: അന്വേഷണത്തില്‍ പിഴവെന്ന് ബുദ്ധിജീവി സംഘം, സിബിഐ അന്വേഷണത്തിന് പിന്തുണ 

കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അന്വേഷണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അക്കാദമിക പണ്ഡിതരും, ബുദ്ധിജീവികളും രംഗത്ത്
കത്തുവ: അന്വേഷണത്തില്‍ പിഴവെന്ന് ബുദ്ധിജീവി സംഘം, സിബിഐ അന്വേഷണത്തിന് പിന്തുണ 

ന്യൂഡല്‍ഹി: കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അന്വേഷണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അക്കാദമിക പണ്ഡിതരും, ബുദ്ധിജീവികളും രംഗത്ത്. അന്വേഷണം തൃപ്തികരമായല്ല മുന്നോട്ടുപോകുന്നതെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ വാദിക്കുന്ന ബുദ്ധിജീവി, അക്കാദമിക സമൂഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര മന്ത്രിയെ സമീപിച്ചു. 


കൊലപാതകം നടന്ന ജനുവരി 16ന് രാത്രിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് പ്രദേശം ഒന്നടങ്കം ഇരുട്ടിലായി എന്ന് പ്രദേശവാസികള്‍ അന്വേഷണസംഘത്തോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇരുട്ടിന്റെ മറവില്‍ ബ്ലാങ്കറ്റ് ധരിച്ച് ബുളളറ്റില്‍ രണ്ടു അജ്ഞാതര്‍  ഗ്രാമത്തില്‍ എത്തിയിരുന്നു. 30 മിനിറ്റോളം ചെലവഴിച്ച ഇവരെ കുറിച്ചുളള വിശദാംശങ്ങള്‍ ഗ്രാമവാസികള്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍ണായകമായ ഈ വിവരങ്ങള്‍ അന്വേഷണസംഘം എന്തിന് മന:പൂര്‍വ്വം അവഗണിച്ചുവെന്ന് കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ബുദ്ധിജീവി, അക്കാദമിക സമൂഹം ചോദിക്കുന്നു.സംഭവസ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളവും, കാല്‍പാദ രേഖകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും എന്തുകൊണ്ട് ഇടംപിടിച്ചില്ല. ഇതെല്ലാം അന്വേഷണത്തിന്റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 

കേസില്‍ പ്രധാനപ്രതികളില്‍ ഒരാളായ വിഷാല്‍ ജന്‍ഗ്രോത്ര സംഭവസമയത്ത് പരീക്ഷ എഴുതാന്‍ മീററ്റിലായിരുന്നുവെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്തുകൊണ്ട് ഇക്കാര്യം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി മീരാ കഡാക്കര്‍, സുപ്രീംകോടതി വക്കീല്‍ മോണിക്ക അറോറ തുടങ്ങിയവര്‍ അടങ്ങുന്ന സംഘം കത്തുവയിലെ രസന ഗ്രാമം  സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ നിരവധി പേര്‍ ഗ്രാമം വിട്ടുപോയെന്നും അക്കാദമിക സംഘം ചൂണ്ടികാണിക്കുന്നു.  പ്രതിക്ക് എതിരെ മൊഴി നല്‍കാന്‍ വിഷാല്‍ ജന്‍ഗോത്രയുടെ കൂട്ടുകാരെ അന്വേഷണസംഘം പീഡിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കൂടാതെ ഗുരുതര കുറ്റകൃതങ്ങളില്‍ പങ്കാളിയായതിന്റെ പേരില്‍ അന്വേഷണസംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന സംശയവും സംഘം ഉന്നയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com