ഞാന്‍ ബലിദാനിയല്ല, ഞാന്‍ മരിച്ചിട്ടില്ല; കര്‍ണാടകയില്‍ ബിജെപിയെ കുരുക്കിലാക്കി പ്രവര്‍ത്തകന്‍

ജിഹാദി ഗ്രൂപ്പുകള്‍ കൊലപ്പെടുത്തിയ ബലിദാനികള്‍ എന്ന പേരില്‍ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന 23 പ്രവര്‍ത്തകരിലെ ആദ്യ പേരുകാരനെ ജീവനോടെ ചാനലില്‍ കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍
ഞാന്‍ ബലിദാനിയല്ല, ഞാന്‍ മരിച്ചിട്ടില്ല; കര്‍ണാടകയില്‍ ബിജെപിയെ കുരുക്കിലാക്കി പ്രവര്‍ത്തകന്‍

ബംഗലൂരു: കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ജിഹാദി ഗ്രൂപ്പുകള്‍ തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തുന്ന ബിജെപിക്ക് തിരിച്ചടി. ജിഹാദി ഗ്രൂപ്പുകള്‍ കൊലപ്പെടുത്തിയ ബലിദാനികള്‍ എന്ന പേരില്‍ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന 23 പ്രവര്‍ത്തകരിലെ ആദ്യ പേരുകാരനെ ജീവനോടെ ചാനലില്‍ കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ഉഡുപ്പിയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ശോഭാ കരന്ത്‌ലാജെ കേന്ദ്രആഭ്യന്തര മന്ത്രാലത്തിന് അയച്ച കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഇടംപിടിച്ച അശോക് പൂജാരിയെന്നയാള്‍ ജീവനോടെ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. ഇയാള്‍ 2015 സെപ്തംബര്‍ 20ന് കൊല്ലപ്പെട്ടുവെന്ന് ബിജെപി ഔദ്യോഗികമായി സ്ഥിരീകരിക്കുമ്പോഴാണ് അശോക് പൂജാരി ജീവനോടെ പ്രത്യക്ഷപ്പെട്ടത്.

ബജ്റംഗ്ദള്‍, ബി.ജെ.പി പ്രവര്‍ത്തകനായ തന്നെ 2015ല്‍ മോട്ടോള്‍ ബൈക്കിലെത്തിയ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചെന്ന് ഇയാള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ താന്‍ 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. എല്ലാവരും വിചാരിച്ചത് താന്‍ മരിക്കുമെന്ന് തന്നെയാണ്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ താന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു. രക്തസാക്ഷി പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടത് അബദ്ധത്തിലാണെന്ന് കാട്ടി ശോഭാ കരന്ത്‌ലാജെ തന്നെ വിളിച്ചിരുന്നതായും അശോക് പൂജാരി വ്യക്തമാക്കി.

അതേസമയം, തങ്ങളുടെ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വ്യാപകമായി പറയുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി പട്ടികയിലുള്ളവരില്‍ 14 പേര്‍ മറ്റ് കാരണങ്ങള്‍ കൊണ്ട് മരിച്ചവരാണെന്നും ചിലര്‍ ആത്മഹത്യ ചെയ്തതാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com