ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യം; അഖിലേഷ് യാദവ് ആര്‍എല്‍ഡിയുമായി സഖ്യത്തിലേക്ക് 

ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ പരീക്ഷണം ആവര്‍ത്തിക്കാന്‍ ഒരുങ്ങി സമാജ്‌വാദി പാര്‍ട്ടി.  
ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യം; അഖിലേഷ് യാദവ് ആര്‍എല്‍ഡിയുമായി സഖ്യത്തിലേക്ക് 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ പരീക്ഷണം ആവര്‍ത്തിക്കാന്‍ ഒരുങ്ങി സമാജ്‌വാദി പാര്‍ട്ടി.  ബിജെപിയെ പരാജയപ്പെടുത്താന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുളള സമാജ് വാദി പാര്‍ട്ടി രാഷ്ട്രീയ ലോക്ദളുമായി ധാരണയായി. മെയ് 28 ന് കൈരാന ലോക്‌സഭ സീറ്റിലേക്കും നൂപൂര്‍ നിയമസഭ സീറ്റിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഖ്യംചേര്‍ന്ന് മത്സരിക്കാനാണ് ഇരുപാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിയ്ക്ക് ഇത് വലിയ വെല്ലുവിളിയാകുമെന്നാണ് കണക്കുകൂട്ടല്‍.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും, ആര്‍എല്‍ഡി വൈസ് പ്രസിഡന്റ് ജയന്ത് ചൗധരിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.  2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വിശാല ഐക്യം രൂപപ്പെട്ടുവരുകയാണ്. ഇതിന് കരുത്തുപകരുന്നതാണ് ഈ സഖ്യനീക്കം. 

കൈരാനയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മുതിര്‍ന്ന നേതാവ് ജയന്ത് ചൗധരിയെ മത്സരിപ്പിക്കാനാണ് ആര്‍എല്‍ഡി ആലോചിക്കുന്നത്. പകരം നൂപൂര്‍ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാനാണ് ചര്‍ച്ചയില്‍ ധാരണയായത്.സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന്  മുന്‍പ് മറ്റൊരു സഖ്യകക്ഷിയായ ബിഎസ്പിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. 

ഉപതെരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി പരസ്യമായ സഖ്യത്തിനില്ലെന്ന് ബിഎസ്പി നിലപാട് വ്യക്തമാക്കിയിരുന്നു. എങ്കിലും ബിഎസ്പിയുടെ പരോക്ഷ പിന്തുണ ലഭിക്കുന്നമെന്നതിനാല്‍ വിജയം സുനിശ്ചിതമാണെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാര്‍ട്ടി. 

ബിജെപി സാമാജികരായ ഹുക്കും സിങിന്റെയും ലോകേന്ദ്ര സിങിന്റെയും നിര്യാണത്തെ തുടര്‍ന്നാണ് കൈരാനയിലും നൂര്‍പൂരിലും ഉപതെരഞ്ഞെടുപ്പ്  നടക്കുന്നത്. 2014ല്‍ കൈരാനയില്‍ 5.65 ലക്ഷം വോട്ടുകള്‍ക്കാണ് ഹുക്കും സിങ് വിജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com