മെയ് 15 ഓടേ കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസായി മാറും: ആഞ്ഞടിച്ച് മോദി 

കര്‍ണാടകയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
മെയ് 15 ഓടേ കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസായി മാറും: ആഞ്ഞടിച്ച് മോദി 

ബംഗലൂരു: കര്‍ണാടകയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ് 15 ഓടേ കോണ്‍ഗ്രസ് പഞ്ചാബ്, പുതുച്ചേരി, പരിവാര്‍ എന്നതിന്റെ ചുരുക്കപ്പേരായ പിപിപി കോണ്‍ഗ്രസായി മാറുമെന്ന് മോദി പരിഹസിച്ചു.  

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കാനാണു ജനതാ ദള്‍ സെക്കുലര്‍ (ജെഡിഎസ്) ശ്രമിക്കുന്നതെന്നു മോദി ആരോപിച്ചു. തുമക്കൂരുവില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജെഡിഎസിനെയും ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെയും വാനോളം പുകഴ്ത്തിയ മോദി, തൊട്ടുപിന്നാലെ ഇവര്‍ക്കെതിരെ കടന്നാക്രമണം നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു.

തെരഞ്ഞെടുപ്പ് സര്‍വേകളും രാഷ്ട്രീയ വിദഗ്ധരുമെല്ലാം പറയുന്നത് കര്‍ണാടകയില്‍ ജെഡിഎസിനു കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാകില്ലെന്നാണ്. അവര്‍ക്കു സര്‍ക്കാര്‍ രൂപീകരിക്കാനുമാകില്ല. കര്‍ണാടകയില്‍ ഭരണമാറ്റം കൊണ്ടുവരാന്‍ സാധിക്കുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണെന്നും മോദി അവകാശപ്പെട്ടു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ചില മണ്ഡലങ്ങളില്‍ ജെഡിഎസ്സും ബിജെപിയും കൈകോര്‍ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ജെഡിഎസ്സും കോണ്‍ഗ്രസും തമ്മില്‍ കൂട്ടുകെട്ടിലാണെന്ന മോദിയുടെ ആരോപണം.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ആരെങ്കിലും സംരക്ഷിക്കുന്നുണ്ടെങ്കില്‍ അതു ജെഡിഎസാണ്. കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ രഹസ്യ രാഷ്ട്രീയ നീക്കുപോക്കുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും മോദി ആവശ്യപ്പെട്ടു. 

കര്‍ണാടകത്തിന്റെ വികസനത്തിനായി കോണ്‍ഗ്രസ് ഒന്നും തന്നെ സംഭാവന ചെയ്തിട്ടില്ല. പകരം സംസ്ഥാനത്തെ കൊളളയടിക്കുകയാണ് ചെയ്തത്. ഇതിന്റെ ഫലമായി കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു.

പ്രകൃതിവിഭവങ്ങളുടെ ശോഷണം വലിയ കാര്യമാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നേതാക്കളുടെ പോക്കറ്റ് നിറഞ്ഞുനില്‍ക്കുന്നുണ്ടോയെന്ന് മാത്രമാണ് പാര്‍ട്ടി ചിന്തിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ ആണിക്കല്ല് തന്നെ അഴിമതിയാണെന്നും മോദി ആഞ്ഞടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com