'അവരെ തൂക്കിലേറ്റൂ അല്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചു കൊല്ലൂ'; കത്തുവ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു

പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് നേതാക്കള്‍ സിബിഐ അന്വേഷണം വേണമെന്ന് പറയുന്നതെന്നും അമ്മ ആരോപിച്ചു
കടപ്പാട് എന്‍ഡിടിവി
കടപ്പാട് എന്‍ഡിടിവി

കത്തുവ; കത്തുവയില്‍ എട്ട് വയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് കാരണമായത്. കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്നും അല്ലെങ്കില്‍ തങ്ങളെ വെടിവെച്ചു കൊല്ലണമെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ. ഇവിടെ നീതി ഇല്ലെങ്കില്‍ ഞങ്ങളെ നാലു പേരെയും വെടിവെച്ചുകൊല്ലൂ എന്നാണ് എന്‍ഡിടിവി ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മ പറഞ്ഞത്. കത്തുവയുടെ പുറത്തേക്ക് വിചാരണ മാറ്റുന്നതിനെക്കുറിച്ച് സുപ്രീംകോടതിയുടെ തീരുമാനം വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് കുട്ടിയുടെ അമ്മ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. 

'അവരെ വെറുതെവിട്ടാല്‍ അവര്‍ ഞങ്ങളെ കൊല്ലു. നാല് ഗ്രാമങ്ങളിലെ ജനങ്ങളും ഞങ്ങള്‍ക്ക് പിറകെയാണ്. ഞങ്ങള്‍ നാലു പേരാണുള്ളത്. എല്ലാം നഷ്ടപ്പെട്ടു, ഞങ്ങളുടെ വീടും മൊത്തം സ്വത്തും എല്ലാം.' കുട്ടിയുടെ അമ്മ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ എടുത്തുകാട്ടി പെണ്‍കുട്ടിയുടെ അച്ഛനാണ് കത്തുവയുടെ പുറത്തേക്ക് വിചാരണ മാറ്റണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. ജമ്മുവിലെ സ്ഥിതി അനുസരിച്ച് വിചാരണ സമാധാനപരമായിരിക്കുമെന്ന് തോന്നുന്നില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. 

സിബിഐ അന്വേഷണം നടത്താന്‍ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുട്ടിയുടെ അമ്മ അറിയിച്ചു. എന്നാല്‍ ക്രൈം ബ്രാഞ്ച് തന്നെ അന്വേഷണം തുടരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് നേതാക്കള്‍ സിബിഐ അന്വേഷണം വേണമെന്ന് പറയുന്നതെന്നും അമ്മ ആരോപിച്ചു. കുട്ടിയെ കാണാനില്ല എന്ന് പരാതി കൊടുത്തപ്പോള്‍ തന്നെ പൊലീസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാനാകുമായിരുന്നെന്നും അമ്മ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com