കര്‍ണാടകയില്‍ 120 സീറ്റ് ലഭിക്കുമെന്ന് എഐസിസി സര്‍വേ; അഞ്ച് മന്ത്രിമാരുടെ നില പരുങ്ങലില്‍

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 120 സീറ്റ് ലഭിക്കുമെന്ന് എഐസിസി സര്‍വേ ഫലം. അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെ നില പരുങ്ങലില്ലെന്നും സര്‍വേ ഫലം പറയുന്നു
കര്‍ണാടകയില്‍ 120 സീറ്റ് ലഭിക്കുമെന്ന് എഐസിസി സര്‍വേ; അഞ്ച് മന്ത്രിമാരുടെ നില പരുങ്ങലില്‍

ബെംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 120 സീറ്റ് ലഭിക്കുമെന്ന് എഐസിസി സര്‍വേ ഫലം. അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെ നില പരുങ്ങലില്ലെന്നും സര്‍വേ ഫലം പറയുന്നു. ലോകസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനും സംസ്ഥാന ഐടി ടൂറിസം മന്ത്രിയുമായ പ്രിയങ്ക് ഖര്‍ഗെ, ജലവിഭവ വകുപ്പ് മന്ത്രി എം.ബി പാട്ടീല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി എ. മഞ്ചു, നഗരവികസന മന്ത്രി റോഷന്‍ ബെയ്ഗ്, ഖനന വകുപ്പ് മന്ത്രി വിനയ് കുല്‍ക്കര്‍ണി എന്നിവരാണ് വിജയ സാധ്യത തീരെയില്ലാത്തവരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റിയും ഈ റിപ്പോര്‍ട്ട് ശരിവച്ചിട്ടുണ്ട്.എന്നാല്‍ 125 സീറ്റുകള്‍ ലഭിക്കുമെന്നാണ് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. 

ഇവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് സര്‍വേ ചൂണ്ടുക്കാട്ടുന്നു. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മത പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തുള്ള വീരശൈവ വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെട്ടത് പാട്ടീലും കുല്‍ക്കര്‍ണിയും സ്ഥാനാര്‍ത്ഥികളായ ബബലേശ്വറിലും ധര്‍വാഡിലും തിരിച്ചടിയാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കഴിഞ്ഞ തവണ പാട്ടീല്‍ 4,355 വോട്ടിനും കുല്‍ക്കര്‍ണി 18,320 വോട്ടിനുമാണ് ഇവിടങ്ങളില്‍ നിന്ന് ജയിച്ചത്. 

പ്രിയങ്ക് ഖര്‍ഗെ, എ. മഞ്ചു, റോഷന്‍ ബെയ്ഗ് എന്നിവര്‍ക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നും പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. റോഷന്‍ ബെയ്ഗ് മത്സരിക്കുന്ന ശിവജി നഗറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം മുന്നില്‍ നിര്‍ത്തി സംഘപരിവാര്‍ നടത്തുന്ന പ്രചാരണം തിരിച്ചടിയാകും. വരുണയില്‍ നിന്ന് മത്സരിക്കുന്ന സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയ്ക്ക് യദ്യൂരപ്പയുടെ മകന്‍ സ്ഥാനാര്‍ത്ഥിയാകാത്തത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com