കേന്ദ്രത്തിനെതിരെ വീണ്ടും ജസ്റ്റിസ് കുര്യന്‍ ജോസഫ്; കൊളീജിയം ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തത് 

ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനത്തിനായുള്ള കൊളീജിയം ശുപാര്‍ശ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വീണ്ടും ജസ്റ്റിസ് കുര്യന്‍ ജോസഫ്
കേന്ദ്രത്തിനെതിരെ വീണ്ടും ജസ്റ്റിസ് കുര്യന്‍ ജോസഫ്; കൊളീജിയം ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തത് 


ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനത്തിനായുള്ള കൊളീജിയം ശുപാര്‍ശ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വീണ്ടും ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജഡ്ജി നിയമത്തിന്റെ ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തതാണ്.  ഇങ്ങനെ ഒരു സംഭവം മുമ്പ് ഉണ്ടായിട്ടില്ല എന്നതിനാലാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

കൊളീജിയം അടുത്തയാഴ്ച വീണ്ടും ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് രണ്ടിന് ചേര്‍ന്ന കൊളീജിയം കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ മടക്കിയ നിയമന ശുപാര്‍ശ വീണ്ടും അയക്കാനും കൊളീജിയത്തില്‍ തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇതിന് പുറമെ മൂന്ന് ജഡ്ജിമാരെ കൂടി നിയമിക്കാന്‍ ശുപാര്‍ശ നല്‍കും. 

കൊളീജിയത്തിന്റെ നിയമനശുപാര്‍ശ കേന്ദ്രം മടക്കിയയച്ചാല്‍ അതേ ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് നല്‍കണമെങ്കില്‍ കൊളീജിയത്തിലെ അംഗങ്ങളെല്ലാം ഏകകണ്ഠമായി അതിനെ അനുകൂലിക്കേണ്ടതുണ്ട്. എന്നാല്‍, ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യുന്നതില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല. 

കെ.എം.ജോസഫിന്റെ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ചതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ  പ്രതികാര നടപടിയുടെ ഭാഗമായാണ് നിയമനം അംഗീകരിക്കാത്തതെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ സീനിയോറിറ്റിയുടെ കാര്യം പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കെ.എം ജോസഫിന്റെ നിയമനം അംഗീകരിക്കാതിരിക്കുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ ശബ്ദമുയര്‍ത്താതിരുന്നാല്‍ അത് സുപ്രീംകോടതിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുമെന്ന തരത്തിലുള്ള പ്രസ്താവന മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാരില്‍ നിന്നുമുണ്ടായിരുന്നു. പരമോന്നത കോടതിയെന്ന നിലയ്ക്ക് അതിന്റെ സ്വാതന്ത്രവും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കാന്‍ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിന് മേല്‍ ഉണ്ടായ സമ്മര്‍ദമാണ് കൊളീജിയം യോഗം വിളിച്ച് നിലപാട് അറിയിക്കുക എന്നതിലേക്ക് എത്തിയിരിക്കുന്നത്. 

ഇന്ദുമല്‍ഹോത്ര, കെ.എം ജോസഫ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തി മാസങ്ങള്‍ക്ക് മുന്നെ കൊളീജിയം തീരുമാനമെടുത്തിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് ഇന്ദുമല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും, കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ തിരിച്ചയക്കുകയുമായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com