ത്രിപുരയില്‍ പ്രാദേശിക ഭാഷ മാറ്റി ഹിന്ദി വാര്‍ത്താ ഭാഷയാക്കാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം; പ്രതിഷേധം ശക്തം

പ്രാദേശിക ഭാഷയായ കോക്‌ബൊറോക് മാറ്റി ഹിന്ദിയെ ത്രിപുരയിലെ പ്രാദേശിക ചാനലുകളിലെ വാര്‍ത്താ ഭാഷയാക്കാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ത്രിപുരയില്‍ പ്രാദേശിക ഭാഷ മാറ്റി ഹിന്ദി വാര്‍ത്താ ഭാഷയാക്കാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം; പ്രതിഷേധം ശക്തം

അഗര്‍ത്തല: പ്രാദേശിക ഭാഷയായ കോക്‌ബൊറോക് മാറ്റി ഹിന്ദിയെ ത്രിപുരയിലെ പ്രാദേശിക ചാനലുകളിലെ വാര്‍ത്താ ഭാഷയാക്കാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തെത്തി. ദേശീയത പ്രോല്‍സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവര്‍ക്കു വാര്‍ത്തകള്‍ മനസിലാക്കുന്നതിനുമാണു പുതിയ പരിഷ്‌കാരമെന്നാണു സര്‍ക്കാര്‍ നിലപാട്. ഒട്ടേറെ പ്രാദേശിക ഭാഷകളുള്ള ത്രിപുരയിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണു കോക്‌ബൊറോക്. 

ഹിന്ദിയ്ക്കു വേണ്ടി പ്രാദേശിക ഭാഷയെ തഴയുന്നത് ശരിയല്ലെന്ന് സിപിഎം പ്രതികരിച്ചു. ഹിന്ദിയെ മൂന്നാം ഭാഷയായി ഉപയോഗിക്കാം. പക്ഷേ പ്രാദേശിക ഭാഷകള്‍ക്കും പ്രാധാന്യം നല്‍കണം. ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു- സിപിഎം നേതാവ് രാധാചരണ്‍ ദേബ്ബര്‍മ പ്രതികരിച്ചു. സര്‍ക്കാര്‍ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇന്‍ഡിജീനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര) വ്യക്തമാക്കി. 

സര്‍ക്കാര്‍ നീക്കത്തില്‍ നിന്നു പിന്‍വലിയണമെന്നു കോണ്‍ഗ്രസും ആവശ്യപ്പെട്ടു. അതേസമയം കോക്‌ബൊറോക്കിലുള്ള വാര്‍ത്തകള്‍ ഇനിയും തുടരുമെന്നു ത്രിപുര സാംസ്‌കാരിക മന്ത്രാലയ ഡയറക്ടര്‍ ബിഷ്ണു ദാസ് ഗുപ്ത പ്രതികരിച്ചു. മന്ത്രാലയത്തിന്റെ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള 13 പ്രാദേശിക വാര്‍ത്താ ചാനലുകളില്‍ അഞ്ചില്‍ കുറയാത്ത ചാനലുകളില്‍ കോക്‌ബൊറോക് വാര്‍ത്തകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി വക്താവോ എസ്ടി മോര്‍ച്ച നേതാക്കളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com