'ലവ് ജിഹാദ് തടയാന്‍ ശൈശവ വിവാഹം തിരികെ കൊണ്ടുവരണം' : ബിജെപി എംഎല്‍എ

വിവാഹ പ്രായം 18 ആക്കിയതോടെ, ലവ് ജിഹാദ് അടക്കമുള്ള വിപത്തുകളിലേക്ക് പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത് ആരംഭിച്ചതായി ഗോപാല്‍ പാര്‍മര്‍
'ലവ് ജിഹാദ് തടയാന്‍ ശൈശവ വിവാഹം തിരികെ കൊണ്ടുവരണം' : ബിജെപി എംഎല്‍എ

ഭോപ്പാല്‍ : ലവ് ജിഹാദ് എന്ന വിപത്ത് തടയാന്‍ ശൈശവ വിവാഹം തിരികെ കൊണ്ടുവരണമെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ അഗല്‍ മാള്‍വയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗോപാല്‍ പാര്‍മറാണ് മാതാപിതാക്കള്‍ക്ക് മുന്നില്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

മുമ്പ് കുടുംബത്തിലെ മുതിര്‍ന്നവര്‍ ചെറുപ്രായത്തിലേ തന്നെ കുട്ടികളുടെ വിവാഹം ഉറപ്പിച്ചിരുന്നു. അത് ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആയി നിശ്ചയിച്ചതോടെ, ലവ് ജിഹാദ് അടക്കമുള്ള വിപത്തുകളിലേക്ക് പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത് ആരംഭിച്ചതായി ഗോപാല്‍ പാര്‍മര്‍ അഭിപ്രായപ്പെട്ടു. 

പെണ്‍കുട്ടികള്‍ കൗമാരപ്രായത്തിലെത്തുമ്പോള്‍, അവരുടെ മനസ്സ് അലയാന്‍ തുടങ്ങും. കൗശലക്കാരും ക്രിമിനലുകളും നല്ലവരായി നടിച്ച് സ്‌കൂളുകളിലും കോച്ചിംഗ് ക്ലാസ്സുകളിലും പോകുന്ന കുട്ടികളുടെ പിന്നാലെ കൂടും. അങ്ങനെ അവരെ ലവ് ജിഹാദ് കെണിയില്‍ വീഴ്ത്തുന്നു. അതുകൊണ്ടുതന്നെ ലവ് ജിഹാദിനെതിരെ അമ്മമാര്‍ കൂടുതല്‍ ജാഗരൂകരായി ഇരിക്കണമെന്ന് ഗോപാല്‍ പാര്‍മര്‍ പറഞ്ഞു. 

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കിയ സര്‍ക്കാരിന്റെ ഉദ്ദേശം വ്യത്യസ്തമാണ്. അതേസമയം കുട്ടികളുടെ വിവാഹം ചെറുപ്രായത്തില്‍ തന്നെ നടത്തണം. വിവാഹം നേരത്തെ നിശ്ചയിച്ചാല്‍, തന്റെ വിവാഹം തീരുമാനിച്ചതാണല്ലോ എന്ന ചിന്തയാല്‍, തെറ്റായ തീരുമാനത്തിലേക്ക് പെണ്‍കുട്ടികള്‍ വഴിതെറ്റി പോകുന്നത് ഒഴിവാക്കാനാകുമെന്നും ഗോപാല്‍ പാര്‍മര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഹാദിയ അടക്കമുള്ള കേസുകള്‍ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി എംഎല്‍എയുടെ പ്രസ്താവന. ചില മുസ്ലിങ്ങള്‍ ഹിന്ദു പേരുകള്‍ സ്വീകരിക്കുന്നതിന് പിന്നില്‍ ഇത്തരത്തില്‍ ഗൂഢ ഉദ്ദേശങ്ങളുണ്ടെന്നും ഗോപാല്‍ പാര്‍മര്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com