കത്തുവ കേസ് ഇന്ന് സുപ്രീംകോടതിയില്‍ ; സിബിഐ അന്വേഷണത്തില്‍ തീരുമാനമുണ്ടായേക്കും

കത്തുവ കേസ് ഇന്ന് സുപ്രീംകോടതിയില്‍ ; സിബിഐ അന്വേഷണത്തില്‍ തീരുമാനമുണ്ടായേക്കും

കേസിന്റെ വിചാരണ ചണ്ഡീഗഢിലേക്കു മാറ്റുക, കേസ് സിബിഐയ്ക്കു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജികളിന്‍ മേലാണ് വാദം കേള്‍ക്കുക

ന്യൂഡല്‍ഹി  :   ജമ്മുകശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ വിചാരണ ചണ്ഡീഗഢിലേക്കു മാറ്റുക, കേസ് സിബിഐയ്ക്കു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജികളിന്‍ മേലാണ് വാദം കേള്‍ക്കുക. 

കത്തുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ അപേക്ഷ പ്രകാരം വിചാരണ തിങ്കളാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ നേരത്തേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. വിചാരണ ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവും, കേസ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് പ്രതികളുമാണ് ഹര്‍ജി നല്‍കിയത്. കുടുംബത്തിനും അഭിഭാഷകയ്ക്കും നേരെ ഭീഷണിയുണ്ടെന്ന പരാതിയുന്നയിച്ചുകൊണ്ടാണ് കേസ് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് കത്തുവ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മകള്‍ക്കു നീതി ലഭിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. പൊലീസ് അന്വേഷണത്തില്‍ സംതൃപ്തനാണെന്നും നീതി നടപ്പാകുംവരെ വിശ്രമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 10 നാണ് ന്യൂനപക്ഷ വിഭാഗ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കാണാതാകുന്നത്. ഒരാഴ്ചയ്ക്ക് ശേഷം സമീപത്തെ കാട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സമീപക്ഷേത്രത്തിലെ പൂജാരിയായ സാഞ്ജി റാം, അദ്ദേഹത്തിന്റെ മകന്‍, പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടക്കം എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം ഫയല്‍ ചെയ്തിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com