കത്തുവ: വിചാരണ കശ്മീരിനു പുറത്തേക്കു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവ്; സിബിഐ അന്വേഷണ ആവശ്യം തള്ളി

വിചാരണ പഞ്ചാബിലെ പത്താന്‍കോട്ടിലേക്കു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ടു
കത്തുവ: വിചാരണ കശ്മീരിനു പുറത്തേക്കു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവ്; സിബിഐ അന്വേഷണ ആവശ്യം തള്ളി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കശ്മീരിനു പുറത്തേക്കു മാറ്റി. വിചാരണ പഞ്ചാബിലെ പത്താന്‍കോട്ടിലേക്കു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. മരിച്ച പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതി നടപടി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി.

വിചാരണ കശ്മീരിനു പുറത്തേക്കു മാറ്റുന്നതിനെ പ്രതികള്‍ എതിര്‍ത്തിരുന്നു. കശ്മീര്‍ സര്‍ക്കാരും ഈ ആവശ്യത്തെ എതിര്‍ത്തു. സംസ്ഥാനത്തിനകത്ത് സുതാര്യവും നീതിപൂര്‍വകവുമായ വിചാരണ നടത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതെല്ലാം തള്ളിയാണ് സുപ്രിം കോടതിയുടെ ഉത്തരവ്. സാക്ഷികളുടെ സൗകര്യവും സുരക്ഷയും കൂടി കണക്കിലെടുത്താണ് നടപടി.

പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ വിചാരണ കശ്മീരിനു പുറത്തേക്കു മാറ്റുക, കേസ് സിബിഐയ്ക്കു വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്കു വന്നത്. വിചാരണ ചണ്ഡിഗഢിലേക്കു മാറ്റണം എന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

കേസില്‍ രഹസ്യ വിചാരണ നടത്തി എത്രയും വേഗം തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും അഭിഭാഷകര്‍ക്കും സുരക്ഷ ഒരുക്കണം. സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും വിചാരണ നടപടികള്‍ നടക്കുക. 

കത്തുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ അപേക്ഷ പ്രകാരം വിചാരണ തിങ്കളാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ നേരത്തേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. വിചാരണ കശ്മീരിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവും കേസ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് പ്രതികളുമാണ് ഹര്‍ജി നല്‍കിയത്. കുടുംബത്തിനും അഭിഭാഷകയ്ക്കും നേരെ ഭീഷണിയുണ്ടെന്ന പരാതിയുന്നയിച്ചുകൊണ്ടാണ് കേസ് സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

ജനുവരി 10 നാണ് ന്യൂനപക്ഷ വിഭാഗ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കാണാതാകുന്നത്. ഒരാഴ്ചയ്ക്ക് ശേഷം സമീപത്തെ കാട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സമീപക്ഷേത്രത്തിലെ പൂജാരിയായ സാഞ്ജി റാം, അദ്ദേഹത്തിന്റെ മകന്‍, പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടക്കം എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ പ്രതിയാക്കി െ്രെകംബ്രാഞ്ച് കുറ്റപത്രം ഫയല്‍ ചെയ്തിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com