ഇഷ്ടമില്ലാത്ത വിവാഹം നടത്തി; രാഷ്ട്രീയ നേതാവിന്റെ മകളെ മോചിപ്പിച്ച് സുപ്രീം കോടതി 

നിര്‍ബന്ധത്തിന് വഴങ്ങി കാമുകനുപകരം മറ്റൊരാളെ വിവാഹം ചെയ്യേണ്ടിവന്ന കര്‍ണാടക രാഷ്ട്രീയ നേതാവിന്റെ മകള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും മോചനം നല്‍കി സുപ്രീം കോടതി
ഇഷ്ടമില്ലാത്ത വിവാഹം നടത്തി; രാഷ്ട്രീയ നേതാവിന്റെ മകളെ മോചിപ്പിച്ച് സുപ്രീം കോടതി 

ന്യൂ ഡല്‍ഹി: നിര്‍ബന്ധത്തിന് വഴങ്ങി കാമുകനുപകരം മറ്റൊരാളെ വിവാഹം ചെയ്യേണ്ടിവന്ന കര്‍ണാടക രാഷ്ട്രീയ നേതാവിന്റെ മകള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും മോചനം നല്‍കി സുപ്രീം കോടതി. സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രം ഉറപ്പാക്കിയാണ് 26കാരിയായ യുവതിക്ക് അനുകൂലമായ കോടതിവിധി ഉണ്ടായത്. തന്റെ ആഗ്രഹം കണക്കിലെടുക്കാതെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിക്കുകയായിരുന്നെന്ന യുവതിയുടെ പരാതിയിലാണ് സുപ്രീം കോടതി വിധിയുണ്ടായത്. 

ബംഗളൂരുവിലേക്ക് മടങ്ങി തന്റെ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തായാക്കണമെന്നാണ് ആഗ്രഹമെന്ന് കോടതിയില്‍ പറഞ്ഞ യുവതിയോട് നിങ്ങള്‍ പ്രായപൂര്‍ത്തിയായ ഒരാളാണെന്നും സ്വന്തം ഇഷ്ടപ്രകാരം എവിടെപോകാനും എന്ത് പഠിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. എന്നാല്‍ യുവതി മാതാപിതാക്കളെയും ബന്ധുക്കളെയും ഭയപ്പെടുന്നെന്നും അമ്മയുടെ പിന്തുണയോടെ സഹോദരന്‍ യുവതിക്കുനേരെ ബലാത്സംഗഭീഷണി മുഴക്കിയെന്നും ഇവര്‍ക്കുവേണ്ടി ഹാജരായ വക്കീല്‍ കോടതിയില്‍ പറഞ്ഞു. 

യുവതിക്ക് സ്വന്തം ഇഷ്ടം അനുസരിച്ച് മുന്നോട്ടുപോകാമെന്നും മാതാപിതാക്കളോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ഇവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്നും കോടതി പറഞ്ഞു. പഠനാവശ്യങ്ങള്‍ക്കായുള്ള രേഘകള്‍ യുവതിക്ക് കൈമാറാനും കോടതി മാതാപിതാക്കളോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ വിധി ലഭിച്ച യുവതിക്ക് പിന്നീട് ഡല്‍ഹി പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. 

മാര്‍ച്ച് 14നായിരുന്നു യുവതിയുടെ വിവാഹം. ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിക്കുന്നു എന്ന് പോലീസില്‍ പരാതിപ്പെട്ടിട്ടും തന്റെ വിവാഹം ബലംപ്രയോഗിച്ച് വീട്ടുകാര്‍ നടത്തുകയായിരുന്നെന്നും ഈ വിവാഹത്തില്‍ തനിക്ക് യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ലെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com