പ്രതികാര നടപടിയുമായി വിഎച്ച്പി; പ്രവീണ്‍ തൊഗാഡിയയുടെ വിശ്വസ്തരെ പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയ പ്രവീണ്‍ തൊഗാഡിയ വിഎച്ചപി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് എതിരെ പ്രതികാര നടപടി.
പ്രതികാര നടപടിയുമായി വിഎച്ച്പി; പ്രവീണ്‍ തൊഗാഡിയയുടെ വിശ്വസ്തരെ പുറത്താക്കി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയ പ്രവീണ്‍ തൊഗാഡിയ വിഎച്ചപി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് എതിരെ പ്രതികാര നടപടി. പ്രവീണ്‍ തൊഗാഡിയയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ ആറു ഭാരവാഹികളെ വിഎച്ച്പി പുറത്താക്കി. മോദിയുമായി തുറന്ന പോരിലേക്ക് നീങ്ങിയ പ്രവീണ്‍ തൊഗാഡിയ ആഴ്ചകള്‍ക്ക് മുന്‍പാണ് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പദം ഒഴിഞ്ഞത്. 

ആറുഭാരവാഹികളെ പുറത്താക്കിയ വിവരം കത്തിലുടെയാണ് വിഎച്ച്പി പുറത്തറിയിച്ചത്. വിഎച്ച്പിയുമായി ഇവര്‍ക്ക് ഇനി യാതൊരുവിധ ബന്ധവും ഉണ്ടായിരിക്കില്ലെന്ന് കത്തില്‍ പറയുന്നു. ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ കൗശിക് മെഹ്തയ്ക്ക് പുറമേ വിഎച്ചപി ജനറല്‍ സെക്രട്ടറി രഞ്ചോട് ഭര്‍വാദും സ്ഥാനം നഷ്ടപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു. തൊഗാഡിയയുടെ വിശ്വസ്തരായാണ് ഇവര്‍ അറിയപ്പെടുന്നത്. ദുര്‍ഗാവാഹിനി ദേശീയ കണ്‍വീനര്‍ മാലാ റാവല്‍, മാതൃശക്തി കോ- കണ്‍വീനര്‍ മുക്ത മക്കാനി എന്നിവരും പുറത്താക്കപ്പെട്ട മറ്റു പ്രമുഖരാണ്. സംഘടന ഉപേക്ഷിച്ച പ്രവീണ്‍ തൊഗാഡിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഇവരുടെ നടപടി അച്ചടക്കലംഘനമാണെന്ന് കാണിച്ചാണ് പുറത്താക്കിയത്.

വിഎച്ച്പി തെരഞ്ഞെടുപ്പിന് പിന്നാലെ സംഘടന വിടാന്‍ പ്രവീണ്‍ തൊഗാഡിയ സ്വയം തീരുമാനിക്കുകയായിരുന്നു.  പ്രവീണ്‍ തൊഗാഡിയ സംഘടന വിട്ടത് മൂലം സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ അധികം താമസിയാതെ തന്നെ കെട്ടടങ്ങുമെന്നാണ് വിചാരിച്ചത്.എന്നാല്‍ ചില പ്രവര്‍ത്തകര്‍ അവരുടെതായ വഴിയിലുടെ ചലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് എല്ലാ ചുമതലകളിലും നിന്നും ഇവരെ മാറ്റിയതെന്ന് കത്തില്‍ പറയുന്നു.

വിഎച്ച്പി തെരഞ്ഞെടുപ്പില്‍ രാജ്യാന്തര പ്രസിഡന്റ് സ്ഥാനത്തേയ്ക്കുളള മത്സരത്തില്‍ തൊഗാഡിയുടെ നോമിനി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രവീണ്‍ തൊഗാഡിയ സംഘടന വിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com