വിഭജനം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സവര്‍ക്കര്‍: മണി ശങ്കര്‍ അയ്യര്‍

വിഭജനം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സവര്‍ക്കര്‍: മണി ശങ്കര്‍ അയ്യര്‍
വിഭജനം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സവര്‍ക്കര്‍: മണി ശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: ഇന്ത്യാ വിഭജനം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് ഹിന്ദു മാഹാസഭ നേതാവായിരുന്ന വിഡി സവര്‍ക്കര്‍ ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. സമൂഹത്തില്‍ മത വേര്‍തിരിവുണ്ടാക്കാന്‍ ഹിന്ദുത്വ എന്ന വാക്കു കണ്ടുപിടിച്ചതും സവര്‍ക്കര്‍ തന്നെയാണെന്ന് അയ്യര്‍ കുറ്റപ്പെടുത്തി.

ഹിന്ദുത്വ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് സവര്‍ക്കറാണ്. ഒരു മതഗ്രന്ഥത്തിലും ഇല്ലാത്ത ഈ വാക്ക് സവര്‍ക്കര്‍ ഉപയോഗിച്ചത് 1923ല്‍ ആണ്. അതുകൊണ്ട് ഇപ്പോള്‍ രാജ്യത്ത് ഭരണത്തിലിരിക്കുന്നവരുടെ താത്വിക ആചാര്യനാണ് ദ്വിരാഷ്ട്ര വാദത്തിന്റെയും സൃഷ്ടാവ്- അയ്യര്‍ പറഞ്ഞു. ലഹോറിലെ ഒരു ചടങ്ങിലായിരുന്നു മണിശങ്കര്‍ അയ്യറുടെ പരാമര്‍ശങ്ങള്‍. ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലെ നീച് പരാമര്‍ശത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ് അയ്യര്‍.

മുഹമ്മദലി ജിന്നയെ ക്വയ്ദ് ഇ അസം (മഹാനായ നേതാവ്) എന്നാണ് താന്‍ വിശേഷിപ്പിക്കുന്നതെന്ന് അയ്യര്‍ പറഞ്ഞു. ഭ്രാന്തു പിടിച്ച ഇന്ത്യന്‍ ടിവി അവതാരകര്‍ ചോദിക്കുന്നത് ഒരു ഇന്ത്യക്കാരന് എങ്ങനെ ഇങ്ങനെ പറയാനാവുമെന്നാണ്. എംകെ ഗാന്ധിയെ മഹാത്മാ ഗാന്ധി എന്നു വിളിക്കുന്ന ഒരുപാടു പാകിസ്ഥാനികളെ എനിക്കറിയാം എന്നതാണ് അതിനുള്ള മറുപടി. അതിന്റെ പേരില്‍ അവര്‍ രാജ്യദ്രോഹികളാവുന്നുണ്ടോ? - അയ്യര്‍ ചോദിച്ചു.

അതേസമയം അയ്യരുടെ പരാമര്‍ശങ്ങളോടു കോണ്‍ഗ്രസ് നേതാക്കള്‍ അകലം പാലിച്ചു. അയ്യര്‍ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളോടു പ്രതികരിക്കേണ്ടതില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അയ്യര്‍ക്ക് എന്തോ കുഴപ്പമുണ്ട്. അദ്ദഹം റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കുകയാണ് നല്ലതെന്നും ആസാദ് ഉപദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com