സുപ്രിം കോടതിയില്‍ നാടകീയ രംഗങ്ങള്‍; ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

ഒരു തവണ പോലും പരിഗണിക്കാത്ത ഹര്‍ജി എങ്ങനെ ഭരണഘടനാ ബെഞ്ചിനു വിടുമെന്ന് സിബല്‍
സുപ്രിം കോടതിയില്‍ നാടകീയ രംഗങ്ങള്‍; ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

ന്യൂഡല്‍ഹി:  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ഇന്നു രാവിലെ ഭരണഘടനാ ബെഞ്ച് ഹര്‍ജി പരിഗണിച്ചുകൊണ്ടിരിക്കെയാണ്, കോണ്‍ഗ്രസ് എംപിമാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്.

ഹര്‍ജി പരിഗണിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത് ആരാണെന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കപില്‍ സിബല്‍ ചോദിച്ചു. ഒരു തവണ പോലും പരിഗണിക്കാത്ത ഹര്‍ജി എങ്ങനെ ഭരണഘടനാ ബെഞ്ചിനു വിടുമെന്ന് സിബല്‍ ചോദിച്ചു. ഒരു ജുഡീഷ്യല്‍ ഉത്തരവിലൂടെ മാത്രമേ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിടാനാവൂ. അഡ്മിനിസ്‌ട്രേറ്റിവ് ഉത്തരവിലൂടെ അതെങ്ങനെ സാധ്യമാവും. ആരാണ് ഇങ്ങനെയൊരു ഉത്തരവിറക്കിയതെന്നു വ്യക്തമാക്കണമെന്ന് കപില്‍ സിബല്‍ ആരാഞ്ഞു. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് എകെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇത് അംഗീകരിച്ചില്ല. ഉത്തരവ് കാണമെന്ന ആവശ്യത്തെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും എതിര്‍ത്തു. ഇത്തരത്തില്‍ കേസ് ഭരണഘടനാ ബെഞ്ചിനു വിടുന്നത് പുതിയ കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.. 

ബെഞ്ച് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ആരാണ് ഇറക്കിയതെന്നു വ്യക്തമല്ലാത്ത സ്ഥിതിക്ക് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചതിനാല്‍ തീര്‍പ്പാക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു. 

ഇന്നലെ രാവിലെയാണ് കോണ്‍ഗ്രസ് എംപിമാര്‍ ഉപരാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. നാടകീയമായി ഇന്നലെ രാത്രി ഇതു പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുകയായിരുന്നു. ഭരണഘടനാ ബെഞ്ചില്‍ നിന്നും കൊളീജിയത്തില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയിരുന്നു. 

ചീഫ് ജസ്റ്റിസിനെതിരായ ഹര്‍ജി കോണ്‍ഗ്രസ് സുപ്രീംകോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ ശ്രദ്ധയില്‍പ്പെടുത്താനിരിക്കുകയായിരുന്നു. ഇതിനിടെ ചീഫ് ജസ്റ്റിസ് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് ഹര്‍ജി ആ ബെഞ്ചിന് വിടുകയായിരുന്നു. 

ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണ നോട്ടിസ് ഉപരാഷ്ട്രപതി തളളിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.ഉപരാഷ്ട്രപതിയുടെ തീരുമാനം നിയമവശം പരിഗണിക്കാതെയാണെന്ന് ഹര്‍ജിയില്‍ എംപിമാര്‍ ചൂണ്ടിക്കാട്ടി. അന്വേഷണസമിതി രൂപീകരിക്കുക മാത്രമായിരുന്നു ഉപരാഷ്ട്രപതിയുടെ ജോലിയെന്നും എന്നാല്‍ അദ്ദേഹം അത്  നിര്‍വഹിച്ചില്ലെന്നും എംപിമാര്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com