ഇവരാണ് വോട്ടിങ് മെഷീനെതിരെ സംസാരിക്കുന്നത്: കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത് ഷാ 

നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ കര്‍ണാടകയില്‍ നിന്ന് പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ പഴിചാരി ബിജെപി.
ഇവരാണ് വോട്ടിങ് മെഷീനെതിരെ സംസാരിക്കുന്നത്: കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത് ഷാ 

ബംഗലൂരു: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ കര്‍ണാടകയില്‍ നിന്ന് പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ പഴിചാരി ബിജെപി. കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ബിജെപി കൃത്രിമം കാണിക്കുന്നുവെന്ന് നിരന്തരം ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായി. പൊലീസിന്റെ പിടിയിലായത് കോണ്‍ഗ്രസുമായി അടുപ്പമുളള ആളാണെന്നും അമിത് ഷാ ആരോപിച്ചു. ബംഗലൂരുവില്‍ ബിജെപി റോഡ്‌ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജരാജേശ്വരി നഗറില്‍ നിന്നാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തത്. ഇതൊടൊപ്പം സിറ്റി കോണ്‍ഗ്രസ് എംഎല്‍എയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ മുനിരത്‌നയുടെ ബിസിനസ്സ് കാര്‍ഡുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടികൂടിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് നിറച്ച രണ്ട് അലുമിനിയം പെട്ടികളും രണ്ട് പ്രിന്ററുകളുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. രാജരാജേശ്വരി നഗര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന, പടിഞ്ഞാറന്‍ ബംഗലൂരുവിലെ ജലഹള്ളിയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നാണ് വോട്ടര്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. 9746 തിരിച്ചറിയല്‍ കാര്‍ഡുകളും ഒരുലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളുമാണ് പിടിച്ചെടുത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു. പിടിച്ചെടുത്ത കാര്‍ഡുകള്‍ എല്ലാം രാജരാജേശ്വരി നഗറിലെ വോട്ടര്‍മാരുടേതാണ്.

ആര്‍ ആര്‍ നഗര്‍ എംഎല്‍എ മുനിരത്‌നയുടെ അനുയായിയാണ് ഫ്‌ളാറ്റുടമയെന്ന് ബിജെപിനേതാക്കള്‍ ആരോപിച്ചു. ഈ മണ്ഡലത്തിലേക്കുളള തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കേന്ദ്രമന്ത്രിമാരായ അനന്ത്കുമാറും, പ്രകാശ് ജാവദേക്കറും ആവശ്യപ്പെട്ടു. മുനിരത്‌നയുടെ ഫാക്ടറിയില്‍ നിന്നാണ് വ്യാജ കാര്‍ഡുകള്‍ അച്ചടിച്ച് ഇറക്കിയത്. സിദ്ധരാമയ്യയുടെ അടുത്ത അനുയായിയാണ് മുനിരത്‌ന എന്നും അനന്ത്കുമാര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com