ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് : തൃണമൂലിനെ നേരിടാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നു

ബം​ഗാളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമുണ്ടെന്നത്  തൃണമൂൽ പ്രചരിപ്പിക്കുന്ന കല്ലുവച്ച നുണയെന്ന് യെച്ചൂരി
ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് : തൃണമൂലിനെ നേരിടാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നു

കൊൽക്കത്ത:  ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരെ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നു. നാദിയ– കരിംപുർ മേഖലയിൽ പലയിടത്തും സീറ്റുധാരണയുണ്ടെന്ന് സിപിഎം നാദിയ ജില്ലാസെക്രട്ടറിയും ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗവുമായ സുമിത് ദേ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ഔപചാരിക സഖ്യമല്ല ഇത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയുള്ള വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് തെരഞ്ഞെടുപ്പിൽ സീറ്റുധാരണയിലേർപ്പെട്ടത്.  താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ സമ്മര്‍ദമാണ് സീറ്റു നീക്കുപോക്കുകള്‍ക്ക് പിന്നിലെന്നും നേതൃത്വം വിവരിക്കുന്നു. സീറ്റു ധാരണയുടെ കാര്യം ബിജെപിയും നിഷേധിച്ചിട്ടില്ല. തങ്ങൾക്കു സ്ഥാനാർഥികളെ നിർത്താൻ കഴിയാത്ത ചിലയിടങ്ങളിൽ സ്വതന്ത്രരെ പിന്തുണയ്ക്കുന്നുണ്ട്. ഇവരിൽ മിക്കവരും സിപിഎം പ്രവർത്തകരാണെന്നും ബിജെപി വടക്കൻ നാദിയ ജില്ലാ പ്രസിഡന്റ് മഹാദേബ് സർകാ‍ർ പറഞ്ഞു.

തൃണമൂൽ അതിക്രമങ്ങൾക്കെതിരെ നാദിയ ജില്ലയിലെ കരിംപുർ– റാണാഘട്ട് മേഖലയിൽ ഏപ്രിൽ അവസാനം ബിജെപിയും സിപിഎമ്മും സംയുക്ത പ്രതിഷേധ റാലി നടത്തിയിരുന്നു. ഇരുപാർട്ടികളുടെയും അണികൾ അവരവരുടെ പതാകകളേന്തിയാണ് പ്രകടനത്തിൽ പങ്കെടുത്തത്. 
മുതിർന്ന സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രാമബിശ്വാസും ഈ റാലിയിൽ പങ്കെടുത്തിരുന്നു. തൃണമൂലിനെതിരെ ഗ്രാമവാസികൾ നടത്തിയ റാലി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ബിജെപിയുടെയും സിപിഎമ്മിന്റെയും അണികൾ റാലിയിൽ പങ്കെടുത്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും സമ്മതിച്ചു. 

അതേസമയം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ബിജെപിക്കെതിരായ സിപിഎമ്മിന്റെ രാഷ്ട്രീയനയത്തെക്കുറിച്ച് തീര്‍പ്പുകല്‍പ്പിക്കരുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. ബി.ജെ.പി.ക്കും അവരുടെ വര്‍ഗീയനയങ്ങള്‍ക്കും എതിരേ കൃത്യമായ സമീപനമുള്ള പാര്‍ട്ടിയാണ് സി.പി.എം. ബി.ജെ.പി.ക്കെതിരായ പോരാട്ടത്തെ ഗൗരവത്തോടെ കാണാത്ത തൃണമൂലിനെപ്പോലല്ല ഞങ്ങള്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അദ്ദേഹം പറഞ്ഞു.

ബം​ഗാളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമുണ്ടെന്ന റിപ്പോർട്ടുകൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിഷേധിച്ചു. തൃണമൂൽ പ്രചരിപ്പിക്കുന്ന കല്ലുവച്ച നുണയാണിത്. ഇടതുപക്ഷ പ്രവർത്തകർക്കുനേരെ അവർ അഴിച്ചുവിട്ട അക്രമങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. ഞങ്ങൾ ബിജെപിക്കും തൃണമൂലിനും ഒരുപോലെ എതിരാണ്. തൃണമൂലും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും യെച്ചൂരി പറഞ്ഞു. എന്നാൽ സിപിഎം-ബിജെപി രഹസ്യ ധാരണയാണ് വ്യക്തമാകുന്നതെന്നും സംസ്ഥാനത്ത് പലയിടത്തും ഇവര്‍ സഖ്യത്തിലാണെന്നും തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി ആരോപിച്ചു. 

അതിനിടെ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇ-മെയില്‍ വഴി നാമനിര്‍ദേശപത്രിക സ്വീകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് കൊൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം. നല്‍കിയ അപ്പീലിന്മേലാണ് നടപടി. ആവശ്യത്തെ കമ്മിഷന്‍ എതിര്‍ത്തെങ്കിലും ജസ്റ്റിസുമാരായ ബി. സോമദെര്‍, എ. മുഖര്‍ജി എന്നിവരുടെ ബെഞ്ച് സിപിഎം ആവശ്യം അം​ഗീകരിക്കുകയായിരുന്നു. നേരത്തെ  വാട്‌സാപ്പ് വഴി പത്രിക സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com