മന്‍മോഹന്‍ സിങ്ങിനെപ്പോലെയല്ല, ജനങ്ങളാണ് എന്റെ ഹൈക്കമാന്‍ഡ്: മോദി

പ്രധാനമന്ത്രിയാവാന്‍ തയാറാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ധാര്‍ഷ്ട്യമാണെന്ന് മോദി
മന്‍മോഹന്‍ സിങ്ങിനെപ്പോലെയല്ല, ജനങ്ങളാണ് എന്റെ ഹൈക്കമാന്‍ഡ്: മോദി

ബംഗാരപ്പേട്ട്: മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷവും പത്താം നമ്പര്‍ ജന്‍പഥിലിരുന്ന് സോണിയ ഗാന്ധിയാണ് അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാരപ്പേട്ടില്‍ തെരഞ്ഞൈടുപ്പു പ്രചാരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് രൂക്ഷ വിമര്‍ശനമാണ് മോദി കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയത്.

മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തില്‍ സോണിയാ ഗാന്ധിയുടെ പക്കലായിരുന്നു റിമോട്ട് കണ്‍ട്രോളെന്ന് മോദി കുറ്റപ്പെടുത്തി. തനിക്കും ഒരു റിമോട്ട് കണ്‍ട്രോളുണ്ട്. രാജ്യത്തെ 125 കോടി ജനങ്ങളുടെ കൈയിലാണ് അതുള്ളതെന്ന് മോദി പറഞ്ഞു. ജനങ്ങള്‍ പറയുന്നതാണ് താന്‍ ചെയ്യുന്നത്. അവരാണ് തന്റെ ഹൈക്കമാന്‍ഡ് എന്നും മോദി പറഞ്ഞു.

വായില്‍ വിദേശ സ്വര്‍ണത്തിന്റെ കരണ്ടിയുമായി ജനിച്ചുവീണവര്‍ക്കു പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ അറിയില്ലെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യത്ത് വ്യാപകമായി ടൊയ്‌ലറ്റുകള്‍ നിര്‍മിക്കപ്പട്ടുകൊണ്ടിരിക്കുകയാണ്. അറുപതു വര്‍ഷം ഭരണത്തിലിരുന്നവര്‍ അതു ചെയ്തില്ല. ഇപ്പോള്‍ ഞാന്‍ അതു ചെയ്യുമ്പോള്‍ അവര്‍ വിമര്‍ശിക്കുകയാണ്. പണക്കാര്‍ക്കു വേണ്ടിയാണ് ഭരണം എന്നാണ് ആക്ഷേപം. ഈ ടോയ്‌ലറ്റുകള്‍ പണക്കാര്‍ക്കു വേണ്ടിയാണോ? മോദി ചോദിച്ചു.

കോണ്‍ഗ്രസ് ആറു പ്രശ്‌നങ്ങളുണ്ട്. ഒന്നാമത്തേത് അതിന്റെ സംസ്‌കാരമാണ്. വര്‍ഗീയകത, ജാതീയത, ക്രൈം, അഴിമതി, കരാര്‍ സംവിധാനം ഇതൊക്കെ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളാണ്. ഈ ആറു 'സി'കള്‍ കര്‍ണാടകയെ നശിപ്പിക്കുകയാണ്. 

പ്രധാനമന്ത്രിയാവാന്‍ തയാറാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ധാര്‍ഷ്ട്യമാണെന്ന് മോദി ആരോപിച്ചു. ഇന്നലെ ആരോ പറയുന്നതു കേട്ടു, താന്‍ പ്രധാനമന്ത്രിയാവാന്‍ പോവുകയാണെന്ന്. ഒരാള്‍ സ്വയം അങ്ങനെ പറയുന്നത് ധാര്‍ഷ്ട്യത്തിനു തെളിവല്ലേ? വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നവര്‍, സഖ്യ ചര്‍ച്ചകള്‍ നടത്തുന്നവര്‍, വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളവര്‍ ഇവരെയെല്ലാം തള്ളിയാണ് ഒരാള്‍ പ്രധാനമന്ത്രിയാവുമെന്നു പറയുന്നതെന്ന് മോദി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com