രാജസ്ഥാനില്‍ വസുന്ധര രാജക്കെതിരെ പ്രതിഷേധ സമരവുമായി ബിജെപി എംഎല്‍എ; അനധികൃത വസതി ഒഴിയണം 

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയെ വെല്ലുവിളിച്ച് ബിജെപി എംഎല്‍എ പ്രതിഷേധസമരത്തിലേക്ക്.
രാജസ്ഥാനില്‍ വസുന്ധര രാജക്കെതിരെ പ്രതിഷേധ സമരവുമായി ബിജെപി എംഎല്‍എ; അനധികൃത വസതി ഒഴിയണം 

ജയ്പൂര്‍:  രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയെ വെല്ലുവിളിച്ച് ബിജെപി എംഎല്‍എ പ്രതിഷേധസമരത്തിലേക്ക്. നിലവില്‍ മുഖ്യമന്ത്രിയുടെ വസതി എന്ന നിലയില്‍ അനധികൃതമായി ഉപയോഗിക്കുന്ന കെട്ടിടം വസുന്ധരരാജ സിന്ധ്യ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. വ്യാഴാഴ്ച മുതല്‍ പത്തുദിവസത്തേയ്ക്ക് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് ഗ്യാന്‍ശ്യാം തീവാരിയുടെ തീരുമാനം. 

നിലവില്‍ ജയ്പൂര്‍ സിവില്‍ ലൈന്‍സിലെ 13ആം നമ്പര്‍ ബംഗ്ലാവാണ് വസുന്ധരരാജ സിന്ധ്യ മുഖ്യമന്ത്രിയുടെ വസതിയായി ഉപയോഗിക്കുന്നത്. ഇത് ഔദ്യോഗിക വസതിയല്ലെന്ന് ചൂണ്ടികാണിച്ചാണ് ഗ്യാന്‍ശ്യാം തീവാരി വസുന്ധരരാജ സിന്ധ്യക്കെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 2017ലെ  മന്ത്രിമാരുടെ ശമ്പളം ഭേദഗതി ചെയ്യുന്ന ബില്ലിന്റെ പകര്‍പ്പ് കത്തിക്കുമെന്ന് തീവാരി വെല്ലുവിളിച്ചു. ഇതില്‍ ബംഗ്ലാവ് നീണ്ടകാലം കൈവശം വെയ്ക്കാന്‍ വസുന്ധരരാജയെ അനുവദിക്കുന്ന വ്യവസ്ഥ ഉണ്ടെന്ന് ആരോപിച്ചാണ് നീക്കം.

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവ് ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന വിവാദ വ്യവസ്ഥ ബില്ലിലുണ്ട്. ഫ്യൂഡലിസം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ വിവാദ വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയത്. സിവില്‍ ലൈന്‍സിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ എട്ടാം നമ്പര്‍ വസതിയിലേക്ക് താമസം മാറ്റാന്‍ വസുന്ധരരാജ സിന്ധ്യയോട് എംഎല്‍എ ആവശ്യപ്പെട്ടു. 

അടുത്തിടെ ഔദ്യോഗിക വസതി വിട്ടൊഴിയാന്‍ ഉത്തര്‍പ്രദേശിലെ മുന്‍മുഖ്യമന്ത്രിമാരോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിനെ മാനിച്ച് യുക്തമായ നടപടി സ്വീകരിക്കാന്‍ വസുന്ധരരാജ സിന്ധ്യ തയ്യാറാകണം. ഈ വിഷയം ഉയര്‍ത്തി കൊണ്ടുവരാന്‍ ധാര്‍മ്മികമായി ഉത്തരവാദിത്തമുളള കോണ്‍ഗ്രസ് മൗനം പാലിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com