ലിംഗായത്തുകളെ ഒരു പാര്‍ട്ടിയുടെയും തൊഴുത്തില്‍ക്കെട്ടാന്‍ നോക്കേണ്ട: പാര്‍ട്ടികളെ വെട്ടിലാക്കി ഹിന്ദു സന്യാസി 

ലിംഗായത്ത് സമുദായത്തെ ഒരു പാര്‍ട്ടിയുടെ ബാനറിലേക്ക് മാത്രമാക്കി ചുരുക്കാന്‍ കഴിയില്ലെന്ന് ചിത്രദുര്‍ഗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ ജഗദ്ഗുരു മുരുകരാജേന്ദ്ര മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരനാരു
ലിംഗായത്തുകളെ ഒരു പാര്‍ട്ടിയുടെയും തൊഴുത്തില്‍ക്കെട്ടാന്‍ നോക്കേണ്ട: പാര്‍ട്ടികളെ വെട്ടിലാക്കി ഹിന്ദു സന്യാസി 

ബംഗലൂരു:കര്‍ണാടക തെരഞ്ഞെടുപ്പില്‍ ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രചാരണം കൊഴുക്കുമ്പോള്‍, പ്രതികരണവുമായി ലിംഗായത്ത് സന്യാസി.  ലിംഗായത്ത് സമുദായത്തെ ഒരു പാര്‍ട്ടിയുടെ ബാനറിലേക്ക് മാത്രമാക്കി ചുരുക്കാന്‍ കഴിയില്ലെന്ന് ചിത്രദുര്‍ഗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ ജഗദ്ഗുരു മുരുകരാജേന്ദ്ര മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരനാരു നിലപാട് വ്യക്തമാക്കി.

സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് തൊട്ടുമുന്‍പ് ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി നല്‍കണമെന്ന് കേന്ദ്രത്തിന്  ശുപാര്‍ശ ചെയ്ത് സിദ്ധരാമയ്യ സര്‍ക്കാരാണ്് വിഷയം ചൂടേറിയ ചര്‍ച്ചയാക്കിയത്. എന്നാല്‍ ബിജെപി ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ മുന്നേറ്റത്തിന് സഹായകമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. ഇതിന് പിന്നാലെയാണ് ലിംഗായത്ത് സമുദായത്തെ ഒരു പാര്‍ട്ടിയുടെ ബാനറിലേക്ക് മാത്രമാക്കി ചുരുക്കാന്‍ കഴിയില്ലെന്ന നിലപാടുമായി ലിംഗായത്ത് സന്യാസി രംഗത്തുവന്നത്. 

ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നേടികൊടുക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്ത് നല്‍കാന്‍ അമിത് ഷായോട് ആവശ്യപ്പെട്ടതായും ലിംഗായത്ത് സന്യാസി വെളിപ്പെടുത്തി. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്. ഈ സന്ദേശമാണ് താന്‍ അമിത് ഷായ്ക്ക് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

ബിജെപിക്ക് പുറമേ കോണ്‍ഗ്രസ്, ജെഡിഎസ് അടക്കമുളള പാര്‍ട്ടികളോടും അനുഭാവം പുലര്‍ത്തുന്നവര്‍ ഉള്‍പ്പെടുന്നതാണ് ലിംഗായത്ത് സമുദായം. ജനാധിപത്യരാജ്യത്ത് ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം വോട്ടുചെയ്യാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്ക് അറിയാം എന്താണ് ശരിയെന്നും തെറ്റെന്നും.തെരഞ്ഞെടുപ്പില്‍ ലിംഗായത്ത് സമുദായംഗങ്ങള്‍ ശരിയായ തീരുമാനം കൈക്കൊളളുമെന്ന് പ്രതീക്ഷിക്കുന്നതായും ശിവമൂര്‍ത്തി മുരുഗ ശരനാരു വ്യക്തമാക്കി.

മതന്യൂനപക്ഷ പദവി ലഭിക്കുന്നതിന് ലിംഗായത്തുകള്‍ക്ക് എല്ലാ പാര്‍ട്ടികളുടെയും പിന്തുണ വേണം. എന്നാല്‍ ഈ ആവശ്യത്തിന്മേല്‍ രാഷ്ട്രീയം കളിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്. ലിംഗായത്തുകളുടെ മുന്നേറ്റത്തിന് വേണ്ടി അനുകൂല നടപടി സ്വീകരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയെ കടന്നാക്രമിക്കാനും ശ്രമം നടന്നു. ലിംഗായത്തുകളെ വിഭജിക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നാണ് മുഖ്യ ആരോപണം. ഇതും തെറ്റായ രീതിയാണെന്ന് ലിംഗായത്ത് സന്യാസി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com