ഹരിയാനയിലെ സര്‍ക്കാര്‍ ജിംനേഷ്യങ്ങള്‍  ഇനി ആര്‍എസ്എസ് ശാഖകള്‍

ഹരിയാന സര്‍ക്കാരിന് കീഴിലുള്ള ജിംനേഷ്യങ്ങള്‍ ആര്‍.എസ്.എസ് ശാഖകളായി ഉപയോഗിക്കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി ഓം പ്രകാശ് ധന്‍കര്‍
ഹരിയാനയിലെ സര്‍ക്കാര്‍ ജിംനേഷ്യങ്ങള്‍  ഇനി ആര്‍എസ്എസ് ശാഖകള്‍

ചണ്ഡീഗഡ്: ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം നടപ്പിലാക്കുന്നു.ഇതിന്റെ ഭാഗമായി ഹരിയാന സര്‍ക്കാരിന് കീഴിലുള്ള ജിംനേഷ്യങ്ങള്‍ ആര്‍.എസ്.എസ് ശാഖകളായി ഉപയോഗിക്കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി ഓം പ്രകാശ് ധന്‍കര്‍. പഞ്ച്കുളയില്‍ സര്‍ക്കാര്‍ വക ജിംനേഷ്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ വാക്കുകള്‍.

എല്ലാ ഗ്രാമങ്ങളിലും 2 ഏക്കര്‍ പഞ്ചായത്ത് ഭൂമിയില്‍ പുതുതായി ജിംനേഷ്യങ്ങള്‍ ആരംഭിക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ജിംനേഷ്യങ്ങള്‍ ശാഖകളായി ഉപയോഗിക്കുമെന്ന് ഹരിയാന വിദ്യഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ്മയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു

ഓം പ്രകാശ് ധന്‍കറിന്റെ പ്രസ്താവനയെ പിന്തുണച്ച് മറ്റുമന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. ജിംനേഷ്യത്തില്‍ പാടില്ലാത്തതൊന്നും ശാഖകള്‍ ചെയ്യുന്നില്ലെന്നും തീരുമാനത്തില്‍ തെറ്റില്ലെന്നും ഭക്ഷ്യ വിതരണവകുപ്പ് മന്ത്രി കരണ്‍ ദേവ് കംബോജ് പറഞ്ഞു. 1925 മുതല്‍ ശാഖകള്‍ നിലവിലുണ്ടെന്നും കംബോജ് പറഞ്ഞു.

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ഐ.എന്‍.എല്‍.ഡിയും രംഗത്തെത്തി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആര്‍.എസ്.എസിന്റെ അജണ്ട പ്രചരിപ്പിക്കാനുള്ള ശ്രമം ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് ഹരിയാന കോണ്‍ഗ്രസ് എം.എല്‍.എ കരണ്‍ സിങ് ദലാല്‍ പറഞ്ഞു.
ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നതിനിടെയാണ് ശാഖകള്‍ക്കായി സര്‍ക്കാര്‍ വക ജിംനഷ്യേങ്ങള്‍ തുറന്നു കൊടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com