അമ്മ മറ്റു പലരേക്കാളും മികച്ച ഇന്ത്യക്കാരി; രാജ്യത്തിനു വേണ്ടി ഒരുപാടു സഹിച്ചവള്‍: രാഹുല്‍ ഗാന്ധി

അമ്മയെ അധിക്ഷേപിക്കുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ നിലവാരത്തെയാണു കാണിക്കുന്നതെന്ന് രാഹുല്‍
അമ്മ മറ്റു പലരേക്കാളും മികച്ച ഇന്ത്യക്കാരി; രാജ്യത്തിനു വേണ്ടി ഒരുപാടു സഹിച്ചവള്‍: രാഹുല്‍ ഗാന്ധി

ബെംഗളൂരു: സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ പൈതൃകം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. താന്‍ രാജ്യത്തു കണ്ടുമുട്ടിയ പലരെക്കാളും മികച്ച ഇന്ത്യക്കാരിയായാണ് തന്റെ അമ്മ ജീവിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഈ രാജ്യത്തിനു വേണ്ടി ഒരുപാടു ത്യാഗങ്ങള്‍ സഹിച്ചയാളാണ് അമ്മയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 

ഇറ്റലിയിലാണ് ജനിച്ചതെങ്കിലും ജീവിതത്തിന്റെ ഏറിയ പങ്കും ഈ നാട്ടില്‍ ജീവിച്ചയാളാണ് അമ്മ. ഈ രാജ്യത്തിനു വേണ്ടി ഒരുപാടു ത്യാഗങ്ങളും സഹനങ്ങളും നിറഞ്ഞ ജീവിതത്തിലൂടെയാണ് അവര്‍ കടന്നുപോയത്- കര്‍ണാടക തിരഞ്ഞെടുപ്പു പ്രചാരണ സമാപനത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. 

'അമ്മയെ അധിക്ഷേപിക്കുന്നതില്‍ പ്രധാനമന്ത്രി ആഹ്ലാദം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ നിലവാരത്തെയാണു കാണിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ദേഷ്യവും പകയും ഉള്ളില്‍ സൂക്ഷിച്ചു സംസാരിക്കുന്നയാളാണു പ്രധാനമന്ത്രി. എല്ലാവരിലും അദ്ദേഹം ഒരു ഭീഷണി കാണുന്നുണ്ട്. അദ്ദേഹത്തിന്റെ ദേഷ്യമാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. എന്നെയും ഒരു ഭീഷണിയായി അദ്ദേഹം കാണുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. ബലാത്സംഗം ഒരു രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. എന്നാല്‍ അതിനെക്കുറിച്ച് പറയാതെ പ്രധാനമന്ത്രി ബുള്ളറ്റ് ട്രെയിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കര്‍ണാടകയുടെ ഭാവിയെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ ഒന്നും പറയാനില്ലാതെ വ്യക്തിപരമായി വിമര്‍ശനങ്ങളുടെ വേദിയായി അദ്ദേഹം തിരഞ്ഞെടുപ്പിനെ മാറ്റിയെന്ന് രാഹുല്‍ ആരോപിച്ചു. 

ഗുജറാത്തില്‍ കോണ്‍ഗ്രസ് 30 സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. എന്നിട്ട് എന്തു സംഭവിച്ചു? കോണ്‍ഗ്രസ് അനായാസം അധികാരം നിലനിര്‍ത്തും. അതിനാല്‍ തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യസാധ്യതയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com