പണി പൂര്‍ത്തിയായ റോഡ് തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രിക്കായി കാക്കുന്നതെന്തിന്? വിമര്‍ശനവുമായി സുപ്രിം കോടതി

പണി പൂര്‍ത്തിയായ റോഡ് തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രിക്കായി കാക്കുന്നതെന്തിന്? വിമര്‍ശനവുമായി സുപ്രിം കോടതി
പണി പൂര്‍ത്തിയായ റോഡ് തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രിക്കായി കാക്കുന്നതെന്തിന്? വിമര്‍ശനവുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: പണി പൂര്‍ത്തിയായ എക്‌സ്പ്രസ് വേ പ്രധാനമന്ത്രിയുടെ അസൗകര്യം മൂലം ജനങ്ങള്‍ക്കു തുറന്നു കൊടുക്കാന്‍ വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ വിമര്‍ശനം. മെയ് 31ന് മുമ്പ് റോഡ് തുറന്നുകൊടുക്കണമെന്ന് കോടതി ദേശീയപാത അതോറിറ്റിയോടു നിര്‍ദേശിച്ചു.

ഡല്‍ഹിയിലെ മലിനീകരണം കുറയ്ക്കുന്നതിനുള്ള പരിഹാര നടപടികളിലൊന്നായ ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേയാണ് പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താതിരിക്കുന്നത്. കഴിഞ്ഞ 29ന് റോഡ് ഉദ്ഘാടനം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ അസൗകര്യം മൂലം അതിനു കഴിഞ്ഞില്ലെന്ന് ദേശീയ പാതാ അതോറിറ്റി കോടതിയെ അറിയിച്ചു. 

യുകെ, ചൈന സന്ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയ പ്രധാനമന്ത്രി നേരെ കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിനു തിരിക്കുകയായിരുന്നു. ഇതുമൂലം എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്താനായില്ലെന്നു അതോറിറ്റി അറിയിച്ചപ്പോള്‍ എന്തിനാണ് പ്രധാനമന്ത്രിക്കായി കാത്തിരിക്കുന്നതെന്ന് കോടതി ചോദിച്ചു. അഞ്ചു വര്‍ഷമായി മേഘാലയ ഹൈക്കോടതി പ്രവര്‍ത്തിക്കുന്നത് ഉദ്ഘാടനം നടത്താത്ത കെട്ടിടത്തിലാണ്. അതുകൊണ്ട് പ്രധാനമന്ത്രിയുടെ സൗകര്യത്തിനു വേണ്ടി കാക്കേണ്ടതില്ല. റോഡ് തുറന്നുകൊടുക്കുന്നത് ഇനിയും നീളുന്നത് ജനങ്ങളുടെ താത്പര്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലെ മലിനീകരണം കുറയ്ക്കുന്നതിനുള്ള പരിഹാരമായി കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേ പണി കഴിപ്പിച്ചത്. ഈ റോഡ് തുറക്കുന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് ഡല്‍ഹിയില്‍ പ്രവേശിക്കാതെ തന്നെ കിഴക്കന്‍ മേഖലയിലേക്കു യാത്ര ചെയ്യാനാവും. 5673 കോടി രൂപ ചെലവിലാണ് ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ നിര്‍മിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com