ബിജെപി വിരുദ്ധ സഖ്യത്തിലേയ്ക്ക് കോണ്‍ഗ്രസും; യുപി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പരീക്ഷിച്ച് വിജയിച്ച തന്ത്രത്തിന് കൈകൊടുത്ത് കോണ്‍ഗ്രസ്.
ബിജെപി വിരുദ്ധ സഖ്യത്തിലേയ്ക്ക് കോണ്‍ഗ്രസും; യുപി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പരീക്ഷിച്ച് വിജയിച്ച തന്ത്രത്തിന് കൈകൊടുത്ത് കോണ്‍ഗ്രസ്. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സമാജ്‌വാദി - രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കൈരാന, നൂര്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ല.  വിശാല ഐക്യത്തിന് രൂപം നല്‍കി ബിജെപിക്ക് വീണ്ടും തിരിച്ചടി നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം. സമാജ്‌വാദി - രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന് മുന്‍ ഉപതെരഞ്ഞെടുപ്പ് മാതൃകയില്‍ മായാവതിയുടെ ബിഎസ്പിയും പിന്തുണ നല്‍കും. 

മെയ് 28നാണ് കൈരാന, നൂര്‍പൂര്‍ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സീഷാന്‍ ഹൈദര്‍ അറിയിച്ചു. പകരം സമാജ് വാദി -രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബിജെപിയെ പുറത്താക്കാന്‍ മതേതര പാര്‍ട്ടിക്ക് പിന്തുണ നല്‍കുകയാണ് പാര്‍ട്ടി തത്വമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശുവരെ നഷ്ടപ്പെട്ടിരുന്നു. 
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്വാധീനത്തിന് വലിയ ഇടിവ് സംഭവിച്ചതിന്റെ തെളിവായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തിയത്. ഇവിടെ ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ വരെ പ്രകമ്പനം സൃഷ്ടിച്ചിരുന്നു.
ഈ പശ്ചാത്തലത്തില്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ഒരു ബലപരീക്ഷണത്തിന് നില്‍ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയതായാണ് റിപ്പോര്‍ട്ട്.

ബിജെപി എംപിയായ ഹുക്കും സിങിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കൈരാനയില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി എംഎല്‍എ ലോകേന്ദ്ര സിങിന്റെ നിര്യാണത്തെ തുടര്‍ന്നാണ് നൂര്‍പൂര്‍ മണ്ഡലവും ജനവിധി തേടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com