ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്; ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാര്‍ ബ്രിട്ടിഷ് ഭരണത്തേക്കാള്‍ മോശം

ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്
ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്; ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാര്‍ ബ്രിട്ടിഷ് ഭരണത്തേക്കാള്‍ മോശം

അഗര്‍ത്തല: ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. ബ്രീട്ടിഷ് ഭരണത്തേക്കാള്‍ മോശം ഭരണമാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രണ്ടുമാസത്തെ ബിജെപി ഭരണത്തിന് കീഴില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഓഫീസുകള്‍ തകര്‍ക്കുന്നത് തുടരുകയാണ്. ഇനിയും പാര്‍ട്ടി ഓഫീസ് തകര്‍ത്താല്‍ മെയ് 17 മുതല്‍ പ്രക്ഷോഭ പരിപാടി ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

രണ്ടുമാസത്തെ ബിജെപി ഭരണത്തില്‍ അഗര്‍ത്തലയിലെ 60 മുതല്‍ 70 വര്‍ഷം വരെ പഴക്കമുളള കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇനി ഒരു ഓഫീസ് തകര്‍ത്താല്‍ മെയ് 17 മുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. എല്ലാ പാര്‍ട്ടികള്‍ക്കും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിരാജിത്ത് സിന്‍ഹ ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്തെ ഏകകക്ഷി ഭരണത്തിലേയ്ക്ക് മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യമില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്. സര്‍ക്കാര്‍ ഭൂമിയിലാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പാര്‍ട്ടി ഓഫീസുകള്‍ നില്‍ക്കുന്നതെന്ന് ചൂണ്ടികാണിച്ചാണ് ബിജെപിയുടെ നടപടിയെന്നും ബിരാജിത്ത് സിന്‍ഹ ആരോപിച്ചു.

ഇടതുസര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ 33 സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ ബിപ്ലബ് കുമാര്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 50000 ഒഴിവുകള്‍ നികത്താതെ ബിജെപി സര്‍ക്കാര്‍ താല്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com