ഭൂരിപക്ഷം കിട്ടിയിട്ടു വേണ്ടേ പ്രധാനമന്ത്രിയാവാന്‍? രാഹുല്‍ പ്രധാനമന്ത്രിയാവുന്നതിനെക്കുറിച്ച് മമത

അടുത്ത പ്രധാനമന്ത്രി ബംഗാളില്‍ നിന്നാവട്ടെ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം
ഭൂരിപക്ഷം കിട്ടിയിട്ടു വേണ്ടേ പ്രധാനമന്ത്രിയാവാന്‍? രാഹുല്‍ പ്രധാനമന്ത്രിയാവുന്നതിനെക്കുറിച്ച് മമത

ന്യൂഡല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതി അതാണെന്ന് മമത പറഞ്ഞു. പ്രധാനമന്ത്രിയാവാന്‍ തയാറാണെന്ന, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മമത. അടുത്ത പ്രധാനമന്ത്രി ബംഗാളില്‍ നിന്നാവട്ടെ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.

രാഹുലിന് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു, പ്രധാനമന്ത്രിയാവാന്‍ തയാറാണെന്ന പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോള്‍ മമതയുടെ മറുപടി. രാജ്യത്തെ രാഷ്ട്രീയ സ്ഥിതി മറ്റൊന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഒരിക്കലും ഭൂരിപക്ഷം കിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയ്ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുണ്ടെന്ന് മമത അഭിപ്രായപ്പെട്ടു. 

അതത് സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികള്‍ വിജയികളാവും. അവയുടെ മുന്നണിയാണ് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുക.  അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും ഡിഎംകെയും ടിആര്‍എസും ടിഡിപിയുമെല്ലാം മികച്ച പ്രകടനാവും കാഴ്ചവയ്ക്കുക. ഒരു കുടുംബം പോലെ ഒരുമിച്ചു നില്‍ക്കാന്‍ ഈ പാര്‍ട്ടികള്‍ക്കു കഴിഞ്ഞാല്‍ രാജ്യത്തിനു ഗുണം ചെയ്യുമെന്ന് മമത പറഞ്ഞു. 

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് മമത പറഞ്ഞു. ദേവഗൗഡയുടെ ജെഡിഎസ് ആയിരിക്കും കിങ് മേക്കര്‍. ഒരുപക്ഷേ കിങ് തന്നെ അവരായിരിക്കുമെന്ന് മമത ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com