കര്‍ണാടക എങ്ങോട്ട്?; വോട്ടെണ്ണല്‍ അല്‍പസമയത്തിനകം: പ്രതീക്ഷയോടെ പാര്‍ട്ടികള്‍

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ കര്‍ണാടകയില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മുന്നണികള്‍ പ്രതീക്ഷയിലാണ്
കര്‍ണാടക എങ്ങോട്ട്?; വോട്ടെണ്ണല്‍ അല്‍പസമയത്തിനകം: പ്രതീക്ഷയോടെ പാര്‍ട്ടികള്‍

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ കര്‍ണാടകയില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മുന്നണികള്‍ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിന്റെ ഇനിയുള്ള കച്ചിത്തുരുമ്പുകളില്‍ ഒന്നായ കര്‍ണാടകയും പിടിച്ചെടുത്ത് ബിജെപി ദക്ഷിണേന്ത്യയില്‍ കാവിക്കൊടി പാറിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പോളിങ്ങാണു മേയ് 12 ന് രേഖപ്പെടുത്തിയത്. 72.36ശതമാനം. മെച്ചപ്പെട്ട വോട്ടിങ് ഇരുപാര്‍ട്ടികളും പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. 

കൃത്യം എട്ടുമണിയോടു തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലമറിയാം. സംസ്ഥാനത്ത് ത്രികോണ മത്സരം കാഴ്ചവെച്ച് ജെഡിഎസും രംഗത്തുണ്ടായിരുന്നുവെങ്കിലും ശക്തമായ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു. എന്നാല്‍ ജെഡിഎസ് ആകും കര്‍ണാടക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.തൂക്കുസഭയാകും സംസ്ഥാനത്ത് നിലവില്‍ വരികയെന്നും ജെഡിഎസ് തീരുമാനം നിര്‍ണായകമാകുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രചവചിച്ചിരിക്കുന്നത്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ചെലവിട്ട നിയമസഭാ തിരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ പൂര്‍ത്തിയായത്. പ്രചാരണത്തിന് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചെലവിട്ട പണത്തിന്റെ അടിസ്ഥാനത്തിലാണിത്. സെന്റര്‍ ഫോര്‍ മീയിയ സ്റ്റഡീസിന്റെ കണക്കു പ്രകാരം 9500 കോടിക്കും 10,500 കോടിക്കും ഇടയില്‍ തുകയാണ് കര്‍ണാടകയില്‍ ചെലവഴിച്ചിരിക്കുന്നത്. 013ലെ തിരഞ്ഞെടുപ്പില്‍ ചെലവിട്ടതിന്റെ ഇരട്ടിയിലധികമാണിത്.

വികസനത്തെപ്പറ്റിയാണ് തങ്ങള്‍ പ്രചാരണങ്ങളില്‍ സംവദിച്ചത് എന്ന് ഇരു പാര്‍ട്ടികളും പറയുന്നുണ്ടെങ്കിലും കൃത്യമായ ജാതി കാര്‍ഡിറക്കിയാണ് കോണ്‍ഗ്രസും ബിജെപിയും പ്രചാരണം നടത്തിയത്. പ്രബലവിഭാഗമായ ലിംഗായത്തുകളെ കൂടെനിര്‍ത്താന്‍ പ്രത്യേക മത പദവി നല്‍കിയും തീരപ്രദേശ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുമായിരുന്നു കോണ്‍ഗ്രസ് പ്രചാരണമെങ്കില്‍ ഉത്തരേന്ത്യയില്‍ പരീക്ഷിച്ച അതേ ഹിന്ദുത്വ കാര്‍ഡിറക്കായാണ് ബിജെപി പ്രചാരണം നടത്തിയത്.

ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്ന പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രധാനമന്ത്രിയേയും കാണാനിടയായി. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള മോദിയുടെ പ്രസംഗം ഏറെ വിവാദമായിരുന്നു. 

ഇത് തന്റെ  അവസാന തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് സംസ്ഥാനത്തിലെ പ്രധാന ആകര്‍ഷണം. ചാമുണ്ഡേശ്വരി, ബദാമി എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ശിക്കാരിപുരയില്‍ നിന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യദ്യൂരപ്പ മത്സരിക്കുന്നു. ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസാമി രാമനഗര, ചെന്നപ്പട്ടണ എന്നിവിടങ്ങളില്‍ നിന്ന് മത്സരിക്കുന്നു. 
ആകെ മണ്ഡലങ്ങള്‍ 224, ഇതില്‍ 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 38 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com