കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്; മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു; തത്സമയം

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു മേഖലയില്‍ പോലും വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല 
കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്; മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു; തത്സമയം

12.34: വരുണ മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര വിജയിച്ചു.
 

10.53: ബിജെപിക്ക് കേവലഭൂരിപക്ഷം. ലീഡ് നില: ബിജെപി 119, കോണ്‍ഗ്രസ് 57,ജെഡിഎസ് 44, മറ്റുള്ളവര്‍ 2

10.34: മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തോറ്റു. ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി.ടി ഗൗഡയാണ് പരായപ്പെടുത്തിയത്.

10.24: ലീഡ് നില: ബിജെപി 109, കോണ്‍ഗ്രസ് 68,ജെഡിഎസ് 43,മറ്റുള്ളവര്‍ 2.
 

10.07:ബിജെപി കേവലഭൂരിപക്ഷം നേടുമെന്ന് ഉറപ്പായതിന് പിന്നാലെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ബെംഗലൂരുവിലേക്ക് തിരിച്ചു.
 

10.03: ബിജെപി 107 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 67 സീറ്റുകളുമായി ഏറെ പിന്നില്‍. ജെഡിഎസ് 45 സീറ്റുകളിലും മറ്റുള്ള വര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. 

10.00: ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.
 

9.48:ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യ 13,000 വോട്ടുകള്‍ക്ക് പിന്നില്‍. ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി.ടി ദേവഗൗഡ മുന്നില്‍.ബദാമിയിലും സിദ്ധരാമയ്യ പിന്നിലാണ്.

9.35: മുംബൈയോട് ചേര്‍ന്നുകിടക്കുന്ന മേഖലയിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 27 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഹൈദരാബാദ് മേഖലിയില്‍ 16 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. തീരദേശ മേഖലയില്‍ 13 ഇടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. മധ്യ കര്‍ണാടകയും ബിജെപിക്കൊപ്പം, 22 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. ദക്ഷിണ കന്നടയില്‍ ജെഡിഎസ് ലീഡ് ചെയ്യുന്നു. 24 ഇടങ്ങലിലാണ് ലീഡ്. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 13 ഇടങ്ങളിലാണ് ലീഡ്. 

9.27: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഏഴ് സീറ്റിന്റെ വ്യത്യാസം. ബിജെപി 89, കോണ്‍ഗ്രസ് 82, ജെഡിഎസ് 40.
 

9.25: ജെഡിഎസ് പിന്തുണ തേടി കോണ്‍ഗ്രസ്. സമാന ആശയങ്ങള്‍ ഉള്ളവരോട് സഖ്യത്തിന് തയ്യാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട്.
 

9.23: മധ്യകര്‍ണാടകയിലും കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി ലീഡ് ചെയ്യുന്നു.
 

9.22: കോണ്‍ഗ്രസിന് 41.1 ശതമാനം വോട്ട് വിഹിതം, ബിജെപിക്ക് 40.7 ശതമാനം.
 

9.20: ബെല്ലാരിയിലും ഹരപ്പനഹള്ളിയിലും റെഡ്ഡി സഹോദരന്‍മാര്‍ മുന്നില്‍ നില്‍ക്കുന്നു. ബെല്ലാരിയില്‍ സോമശേഖര റെഡ്ഡിയും ഹരപ്പനഹള്ളിയില്‍ കരുണാകര റെഡ്ഡിയുമാണ് മത്സരിക്കുന്നത്.
 

9.19: ഹൈദരാബാദിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ബിജെപി മുന്നില്‍.
 

9.17: ആദ്യ ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തിയ തീരമേഖലയിലും ലിംഗായത്ത് മേഖലയിലും പിന്നില്‍. ബിജെപിയ്ക്ക് നേരിയ മുന്‍തൂക്കം. 83 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 76 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ജെഡിഎസ് 37ഇടങ്ങളില്‍ ശക്തമായി നില്‍ക്കുന്നു.
 

8.50: ആദ്യ ഒരു മണിക്കൂറിലേക്ക് വോട്ടെണ്ണല്‍ അടുക്കുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും സമാസമം. 57 സീറ്റുകളില്‍ വീതം ലീഡ് ചെയ്യുന്നു. ജെഡിഎസ് 25 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

8.42: കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തിയ തീയദേശ കര്‍ണാടകയില്‍ ബിജെപി ലീഡ് ചെയ്യുന്നു
 

8.41:കോണ്‍ഗ്രസും ബിജെപിയും ലീഡ് നില മെച്ചപ്പെടുത്തുന്നു. കോണ്‍ഗ്രസ് 56, ബിജെപി 50,ജെഡിഎസ് 25. മത്സരം പൂര്‍ണമായും കോണ്‍ഗ്രസ്-ബിജെപി-ജെഡിഎസ് കക്ഷികള്‍ തമ്മില്‍. സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചിത്രത്തിലില്ല.
 

8.36: കോണ്‍ഗ്രസ് 53 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 45 സീറ്റുകളില്‍ ലീഡ്‌
ചെയ്യുമ്പോള്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ച് ജെഡിഎസ് 23 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു.

8.31: ജെഡിഎസ് നേതാവ് എച്ച്.ഡി രേവണ്ണ മുന്നില്‍. ജെഡിഎസ് സ്ഥാനാര്‍ത്ഥി മധു ബംഗാരപ്പ മുന്നില്‍.
 

8.30: ബദാമിയില്‍ സിദ്ധരാമയ്യക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമലു മുന്നില്‍
 

8.30: കോണ്‍ഗ്രസ് 40 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ശക്തമായ മത്സരം കാഴ്ചവച്ച് ബിജെപി തൊട്ടുപുറകേ 37 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ജെഡിഎസ് 21 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

8.30: വോട്ടെണ്ണല്‍ ആദ്യ മുപ്പത് മിനിറ്റിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് 40 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 33, ജെഡിഎസ് 20ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു.
 

8.21: കോണ്‍ഗ്രസ് 32 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 26,ജെഡിഎസ് 11
 

8.17:ബദാമിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നില്‍ നില്‍ക്കുമ്പോള്‍ ചാമുണ്ഡേശ്വരിയില്‍ അദ്ദേഹം പിന്നിലാണ്.

8.12: കോണ്‍ഗ്രസ് 22 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 15, ജെഡിഎസ് 6 
8.11: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ ശിക്കാരിപുരയില്‍ ലീഡ് ചെയ്യുന്നു.
8.10: മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നില്‍. 

8.10: ആദ്യ പത്തു മിനിറ്റ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് 17 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 4ഇടങ്ങളിലും ജെഡിഎസ് 3 ഇടങ്ങളിലും ലീഡ് ചെയ്യുന്നു.
 

8.04: ആദ്യ ലീഡുകള്‍ കോണ്‍ഗ്രസിന്. കോണ്‍ഗ്രസ് 12ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. ബിജെപിയും ജെഡിഎസും മൂന്നിടങ്ങളില്‍ വീതം ലീഡ് ചെയ്യുന്നു. രാമനഗരിയില്‍ ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസാമി മുന്നില്‍

8.01: പോസ്റ്റല്‍ വോട്ടുകളുടെ ആദ്യ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും ജെഡിഎസും ബിജെപിയും ഓരോ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

8.00: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. 222 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 38 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടത്തുന്നത്. ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. ഒരുമണിക്കൂറിനുള്ളില്‍ ഫലസൂചനകള്‍ പുറത്തുവരും. പതിനൊന്നു മണിയോടെ ഭരണം ആര്‍ക്കെന്ന ചിത്രം വ്യക്തമാകും. 

കോണ്‍ഗ്രസിന്റെ ഇനിയുള്ള കച്ചിത്തുരുമ്പുകളില്‍ ഒന്നായ കര്‍ണാടകയും പിടിച്ചെടുത്ത് ബിജെപി ദക്ഷിണേന്ത്യയില്‍ കാവിക്കൊടി പാറിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പോളിങ്ങാണു മേയ് 12 ന് രേഖപ്പെടുത്തിയത്. 72.36ശതമാനം. മെച്ചപ്പെട്ട വോട്ടിങ് ഇരുപാര്‍ട്ടികളും പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. 
 

സംസ്ഥാനത്ത് ത്രികോണ മത്സരം കാഴ്ചവെച്ച് ജെഡിഎസും രംഗത്തുണ്ടായിരുന്നുവെങ്കിലും ശക്തമായ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു. എന്നാല്‍ ജെഡിഎസ് ആകും കര്‍ണാടക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തൂക്കുസഭയാകും സംസ്ഥാനത്ത് നിലവില്‍ വരികയെന്നും ജെഡിഎസ് തീരുമാനം നിര്‍ണായകമാകുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രചവചിച്ചിരിക്കുന്നത്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ചെലവിട്ട നിയമസഭാ തിരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ പൂര്‍ത്തിയായത്. പ്രചാരണത്തിന് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചെലവിട്ട പണത്തിന്റെ അടിസ്ഥാനത്തിലാണിത്. സെന്റര്‍ ഫോര്‍ മീയിയ സ്റ്റഡീസിന്റെ കണക്കു പ്രകാരം 9500 കോടിക്കും 10,500 കോടിക്കും ഇടയില്‍ തുകയാണ് കര്‍ണാടകയില്‍ ചെലവഴിച്ചിരിക്കുന്നത്. 013ലെ തിരഞ്ഞെടുപ്പില്‍ ചെലവിട്ടതിന്റെ ഇരട്ടിയിലധികമാണിത്.

വികസനത്തെപ്പറ്റിയാണ് തങ്ങള്‍ പ്രചാരണങ്ങളില്‍ സംവദിച്ചത് എന്ന് ഇരു പാര്‍ട്ടികളും പറയുന്നുണ്ടെങ്കിലും കൃത്യമായ ജാതി കാര്‍ഡിറക്കിയാണ് കോണ്‍ഗ്രസും ബിജെപിയും പ്രചാരണം നടത്തിയത്. പ്രബലവിഭാഗമായ ലിംഗായത്തുകളെ കൂടെനിര്‍ത്താന്‍ പ്രത്യേക മത പദവി നല്‍കിയും തീരപ്രദേശ മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുമായിരുന്നു കോണ്‍ഗ്രസ് പ്രചാരണമെങ്കില്‍ ഉത്തരേന്ത്യയില്‍ പരീക്ഷിച്ച അതേ ഹിന്ദുത്വ കാര്‍ഡിറക്കായാണ് ബിജെപി പ്രചാരണം നടത്തിയത്.

ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്ന പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രധാനമന്ത്രിയേയും കാണാനിടയായി. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള മോദിയുടെ പ്രസംഗം ഏറെ വിവാദമായിരുന്നു. 

ഇത് തന്റെ  അവസാന തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് സംസ്ഥാനത്തിലെ പ്രധാന ആകര്‍ഷണം. ചാമുണ്ഡേശ്വരി, ബദാമി എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ശിക്കാരിപുരയില്‍ നിന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യദ്യൂരപ്പ മത്സരിക്കുന്നു. ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസാമി രാമനഗര, ചെന്നപ്പട്ടണ എന്നിവിടങ്ങളില്‍ നിന്ന് മത്സരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com