പ്രത്യേക മതപദവിയും തുണച്ചില്ല; ലിംഗായത്തുകളും ബിജെപിയുടെ കൂടെപ്പോയി: അമ്പരപ്പ് മാറാതെ കോണ്‍ഗ്രസ്

ലിംഗായത്തുകളെ കൂടെനിര്‍ത്തി നേട്ടമുണ്ടാക്കാനുള്ള സിദ്ധരാമയ്യയുടെ പദ്ധതി പാളിയതിന്റെ അമ്പരപ്പിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം.
പ്രത്യേക മതപദവിയും തുണച്ചില്ല; ലിംഗായത്തുകളും ബിജെപിയുടെ കൂടെപ്പോയി: അമ്പരപ്പ് മാറാതെ കോണ്‍ഗ്രസ്

ലിംഗായത്തുകളെ കൂടെനിര്‍ത്തി നേട്ടമുണ്ടാക്കാനുള്ള സിദ്ധരാമയ്യയുടെ പദ്ധതി പാളിയതിന്റെ അമ്പരപ്പിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. ലിംഗായത്തുകള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കന്‍ കര്‍ണാടക ബിജെപി തൂത്തുവാരുകയാണുണ്ടായത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കിക്കൊണ്ടുള്ള തീരുമാനത്തിലൂടെ ഇവരുടെ പിന്തുണ ഉറപ്പായെന്നാണ് കോണ്‍ഗ്രസ് കരുതിയിരുന്നത്. എന്നാല്‍ ലിംഗായത്തുകാരനായ യെദ്യൂരപ്പയുടെ സ്വാധീനത്തിലൂടെ ഈ നീക്കത്തെ ബിജെപി സമര്‍ത്ഥമായി ചെറുക്കുകയായിരുന്നു. ഹിന്ദു മതത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമായി കോണ്‍ഗ്രസിന്റെ ഈ നീക്കത്തെ ബിജെപിപ്രചരിപ്പിച്ചതും നേട്ടമായി. 

ലിംഗായത്ത് സമുദായത്തിലെ പ്രബല നേതാക്കളെല്ലാം കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നതും സിദ്ധരാമയ്യയുടേയും കൂട്ടരുടേയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കുന്നതിനെ എതിര്‍ക്കുന്ന വീരശൈവ വിഭാഗത്തെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങള്‍ കാര്യമായി നടത്തിയതുമില്ല. ഇത് ബിജെപി കൃത്യമായി മുതലെടുക്കുകയായിരുന്നു. 

സ്ഥിരമായി ബിജെപിയോട് ചായ്‌വ് പുലര്‍ത്തിവന്ന ലിംഗായത്തുകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന അമിത ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന് വിനയായത്. അമ്പത് സീറ്റുകളുള്ള ബോംബേ കര്‍ണാടക എന്നറിയപ്പെടുന്ന വടക്കന്‍ മേഖലയില്‍ 19 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 28എണ്ണം ബിജെപി അക്കൗണ്ടിലായപ്പോള്‍ രണ്ടെണ്ണം ജെഡിഎസും ഒരെണ്ണം മറ്റുള്ളവരും നേടി. ഒപ്പം ഗോത്രവിഭാഗത്തില്‍പ്പെടുന്ന നേതാവായ ശ്രീരാമലുവിന്റെ സാന്നിധ്യവും ബിജെപിയുടെ ഈ മേഖലയിലുള്ള കുതിപ്പിന് കരുത്തു പകര്‍ന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com