വിവാഹം കഴിക്കമണമെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടിയെ കാമുകനും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി

മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പുറത്തുകൊണ്ടുവന്നത്
വിവാഹം കഴിക്കമണമെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടിയെ കാമുകനും പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി

മീററ്റ്: അഞ്ചുമാസം മുന്‍പ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ 15വയസുകാരിയുടെ ഘാതകര്‍ പോലീസിന്റെ പിടിയില്‍. കേസില്‍ പെണ്‍കുട്ടിയുടെ കാമുകനെയും പിതാവിനെയും ഉള്‍പ്പെടെ അഞ്ച് പേരെ ഗാസിയാബാദ് ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനായ സുമിത് കുമാര്‍ (21), പിതാവ് രമേശ് (60), സുമിത്തിന്റെ സുഹൃത്തുക്കളായ ആരിഫ് (21), രാജീവ് (26), ഡ്രൈവറായ സോനു (26) എന്നിവരാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ മോഡി നഗര്‍ സ്വദേശിനിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് മീററ്റിലെ മൊഹിയുദ്ദീപുരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. 

2017 ഡിസംബര്‍ 26ന് പെണ്‍കുട്ടിയെ കാണാതായതിനു പിന്നാലെ സുമിതിനെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ നിന്നും യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ വിട്ടയക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി നിര്‍ബന്ധിച്ചതോടെയാണ് പെണ്‍കുട്ടിയെ 21കാരനായ കാമുകനും പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് മറ്റു പല ആണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നു തനിക്ക് സംശയമുണ്ടെന്നും സുമിത് പൊലീസിനോട് പറഞ്ഞു.  

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് മോഡി നഗറില്‍ സലൂണ്‍ നടത്തുന്ന സുമിത് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയമായി വളര്‍ന്നു. പെണ്‍കുട്ടിക്ക് ഒരു മൊബൈല്‍ ഫോണും താന്‍ വാങ്ങിനല്‍കിയെന്ന് സുമിത് സമ്മതിക്കുന്നു. എന്നാല്‍ മൊബൈല്‍ വീട്ടില്‍ കണ്ടതോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രശ്‌നമാകുകയും കുട്ടി ഇറങ്ങിപോരുകയുമായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നത് വരെ തന്റെ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി വാശിപിടിക്കുകയായിരുന്നെന്ന് സുമിത് പറഞ്ഞു. സുമിത് വിവാഹത്തിന് വഴങ്ങിയെങ്കിലും പിന്നീട് പെണ്‍കുട്ടിക്ക് മറ്റു പലരുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയതോടെ സുമിത്തും പിതാവും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

സുമിത്തിന്റെ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പുറത്തുകൊണ്ടുവന്നത്. പതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, മാനഭംഗം, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com