എല്ലാ കണ്ണുകളും കര്‍ണാടക ഗവര്‍ണറില്‍; അര്‍ധരാത്രിയിലും ചരടുവലികളുമായി ബിജെപി; ചാക്കിട്ടുപിടുത്തം ഭയന്ന് കോണ്‍ഗ്രസ്

ആര്‍എസ്എസ് വേരുകളുള്ള ഗവര്‍ണര്‍ ബിജെപിക്കായി കളമൊരുക്കും എന്ന ആശങ്ക കോണ്‍ഗ്രസിന് ശക്തമായുണ്ട്
എല്ലാ കണ്ണുകളും കര്‍ണാടക ഗവര്‍ണറില്‍; അര്‍ധരാത്രിയിലും ചരടുവലികളുമായി ബിജെപി; ചാക്കിട്ടുപിടുത്തം ഭയന്ന് കോണ്‍ഗ്രസ്

ബംഗളൂരു: ആദ്യാവാസനം ട്വിസ്റ്റുകള്‍ നിറഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി പുറത്തായതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ മുഴുവന്‍. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപിയെ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ജനതാദള്‍ എസ് നേതാക്കള്‍ ബംഗളൂരുവിലെ അശോകാ ഹോട്ടലില്‍ കൂടിക്കാഴച നടത്തി. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിന് ശേഷമായിരുന്നു കൂടിക്കാഴ്ച.

ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനാവില്ലെന്ന നിലയെത്തിയതോടെ കുമാരസാമിയെ മുഖ്യമന്ത്രിയാക്കി പുറത്ത് നിന്ന് പിന്തുണയ്ക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ നീക്കം. എന്നാല്‍ പുറത്ത് നിന്നുള്ള പിന്തുണ വേണ്ടെന്നും സര്‍ക്കാരിന്റെ ഭാഗമാകണമെന്നും കുമാരസ്വാമി ആവശ്യപ്പെടുകയായിരുന്നു. കുമാരസാമിയെ മുഖ്യമന്ത്രിയാക്കാനും കോണ്‍ഗ്രസിന് രണ്ട് ഉപമുഖ്യമന്ത്രി, 20 മന്ത്രിമാര്‍ എന്നിങ്ങനെ വീതിക്കാനുമാണ് സഖ്യധാരണ. ജനതാദളിന് നിരുപാധിക പിന്തുണയാണ് നല്‍കുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിന് ബുധനാഴ്ച വീണ്ടും കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുമാരസാമി വ്യക്തമാക്കി.


ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതായതോടെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ആരെ ക്ഷണിക്കുമെന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുകയാണ്. ആര്‍എസ്എസ് വേരുകളുള്ള ഗവര്‍ണര്‍ ബിജെപിക്കായി കളമൊരുക്കും എന്ന ആശങ്ക കോണ്‍ഗ്രസിന് ശക്തമായുണ്ട്. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പഴയ ട്വീറ്റ് ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി. ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വീകരിച്ച നീക്കം കര്‍ണാടകയിലും സ്വീകരിക്കണമെന്നാണ് ആവശ്യം. ഭരണഘടനയുടെ അന്തസത്ത ഗവര്‍ണര്‍ കാത്ത് സൂക്ഷിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ട 113 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. രണ്ടും മൂന്നും സ്ഥാനം നേടിയ കോണ്‍ഗ്രസും ജനതാദളും പരസ്പരം സഹകരിക്കാന്‍ തീരുമാനിച്ചതോടെ മറ്റ് പാര്‍ട്ടികളെ കൂടെക്കൂട്ടാനും ബിജെപിക്ക് കഴിയില്ല. അതിനിടെയാണ് ലിംഗായത്തുകളായ 10 കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപി ചര്‍ച്ചകള്‍ ആരംഭിച്ചതായി വാര്‍ത്ത പുറത്ത് വന്നത്. ഒമ്പത് ജെഡിഎസ് എംഎല്‍എമാരും മറുകണ്ടം ചാടാന്‍ തയ്യാറാണെന്നാണ് വിവരം. ഇതിന് തടയിടാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുകയോ മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ ചെയ്യാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസും ജനതാദളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com