കോണ്‍ഗ്രസിന് തിരിച്ചടി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല 

കര്‍ണാടകയില്‍ യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി തടയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി
കോണ്‍ഗ്രസിന് തിരിച്ചടി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി തടയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചില്ല. ഇന്ന് രാവിലെ ഒമ്പതു മണിക്കു തന്നെ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി നാളെ രാവിലെ 10.30 ന് വീണ്ടും പരിഗണിക്കും. 

ഗവര്‍ണരുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി സ്‌റ്റേ അനുവദിക്കാതിരുന്നത്. .സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബിജെപിയോട് ആവശ്യപ്പെട്ടു. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി നിലപാട് വ്യക്തമാക്കി. 

അര്‍ധരാത്രിയില്‍ ആരംഭിച്ച് പുലര്‍ച്ചേയോളം നീണ്ടുനിന്ന  വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബിജെപിക്ക് അനുകൂലമായി സുപ്രീംകോടതി നിലപാടെടുത്തത്. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുലര്‍ച്ചെ 2.10ന് തുടങ്ങിയ വാദംകേള്‍ക്കല്‍ നാലേകാലോടെയാണ് അവസാനിച്ചത്. 

സര്‍ക്കാരിയ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം, സര്‍ക്കാരുണ്ടാക്കാന്‍ മൂന്നാമത്തെ പരിഗണന നല്‍കേണ്ടതു തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാകണമെന്നും അതു കഴിഞ്ഞേ തനിച്ചു ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കേണ്ടതുള്ളൂ എന്നും കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി വാദിച്ചു. കേവല ഭൂരിപക്ഷം നേടിയ പാര്‍ട്ടി, അല്ലെങ്കില്‍ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യങ്ങളില്‍ ഏറ്റവും വലുത് എന്നിങ്ങനെയാണ് ആദ്യ രണ്ടു പരിഗണനകള്‍. ഗോവയിലും മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും സിങ്!വി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബിജെപിക്കു വേണ്ടി എത്തിയ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും സിങ്‌വിയുടെ വാദങ്ങളെ എതിര്‍ത്തു. തീരുമാനത്തിന്റെ രേഖകളൊന്നും പരിഗണിക്കാതെ ഗവര്‍ണറുടെ അധികാരത്തില്‍ ഇപ്പോള്‍ ഇടപെടുന്നതെങ്ങനെയെന്നു സുപ്രീംകോടതി ഹര്‍ജിക്കാരോടു ചോദിച്ചു. ഗവര്‍ണറുടെ തീരുമാനം വിലക്കിയാല്‍ സംസ്ഥാനത്തെ ഭരണരംഗത്തു ശൂന്യതയുണ്ടാകില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് കാവല്‍സര്‍ക്കാര്‍ ഉണ്ടല്ലോ എന്നായിരുന്നു സിങ്‌വിയുടെ മറുപടി. 

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. 116 സീറ്റുള്ളവരെ അവഗണിച്ച് 104 സീറ്റുള്ളവരെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുന്നതു മുറിവേറ്റവരെ അപമാനിക്കുന്നതിനു തുല്യമാണ്-സിങ്വി പറഞ്ഞു. 

പാതിരാത്രിയില്‍ പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നും ആരെങ്കിലും (യെദ്യൂയൂരപ്പ) സത്യപ്രതിജ്ഞ ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നായിരുന്നു റോഹ്തഗി ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com