യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കട്ടെ; വെല്ലുവിളിച്ച് സിദ്ധരാമയ്യ

യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കട്ടെ; വെല്ലുവിളിച്ച് സിദ്ധരാമയ്യ
യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കട്ടെ; വെല്ലുവിളിച്ച് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പയെ ഭൂരിപക്ഷം തെളിയിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. 104 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ഭൂരിപക്ഷമാവണമെങ്കില്‍ യെദ്യൂരപ്പ 112 എംഎല്‍എമാരുടെ പട്ടിക സമര്‍പ്പിക്കണം. അത് അദ്ദേഹം ചെയ്യട്ടെയെന്ന് സിദ്ധരാമയ്യ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണം സുപ്രിം കോടതിയുടെ പരിഗണനയിലാണെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഭരണഘടനാ വിരുദ്ധമായാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് ജനങ്ങളെ ബോധ്യപ്പെടുത്തും. എങ്ങനെയാണ് അവര്‍ ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങളോടു പറയും- സിദ്ധരാമയ്യ പറഞ്ഞു. 

സുപ്രീംകോടതി വരെയെത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയിലെ 23മത് മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതകിജ്ഞ തടയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പതിനഞ്ച് ദിവസത്തെ സമയം അനുവദിച്ചത്. എന്നാല്‍ നിലവില്‍ കേവലഭൂരിപക്ഷമായ 112 അംഗങ്ങള്‍ ബിജെപിക്കൊപ്പമില്ല. 104 എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് ബിജെപിക്കൊപ്പമുള്ളത്.

ഒരുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും പരമാവധി എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുക എന്നതായിരിക്കും ഇനി ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ ചാക്കിട്ടു പിടുത്തും ഒഴിവാക്കാന്‍ കോണ്‍ഗ്രസ്‌ജെഡിഎസ് എംഎല്‍എമാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

ഗവര്‍ണരുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി സ്‌റ്റേ അനുവദിക്കാതിരുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബിജെപിയോട് ആവശ്യപ്പെട്ടു. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി നിലപാട് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com