ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദ്യൂരപ്പ; നിയമസഭ വിളിച്ചു ചേര്‍ക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തും

 ശനിയാഴ്ച നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദ്യൂരപ്പ; നിയമസഭ വിളിച്ചു ചേര്‍ക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തും

ബെംഗലൂരു: ശനിയാഴ്ച നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. നിയമസഭ വിളിച്ചു ചേര്‍ക്കുന്നതിനെക്കുറിച്ച് ചീഫ് സെക്രട്ടറിയുമായ് കൂടീയാലോചന നടത്തുമെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. 

ഭൂരിപക്ഷം തെളിയിക്കാന്‍ സാവകാശം വേണമെന്നതുള്‍പ്പെടെയുള്ള ബിജെപിയുടെ വാദങ്ങള്‍ തള്ളിയാണ് സുപ്രീംകോടതി വിശ്വാസവോട്ടെടുപ്പ് ശനിയാഴ്ച നടത്താന്‍ ഉത്തരവിട്ടത്. രഹസ്യ ബാലറ്റ് വേണമെന്നുള്ള ആവശ്യവും കോടതി അംഗീകരിച്ചില്ല. ഭൂരിപക്ഷം തെളിയിക്കുമെന്നും അതെങ്ങനെ തെളിയിക്കുമെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും ബിജെപി കോടതിയില്‍ പറഞ്ഞിരുന്നു. 

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എംഎല്‍എമാര്‍ സ്ഥലത്തില്ലെന്നും നാള വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്നുമുള്ള വാദമാണ് ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി മുന്നോട്ടുവച്ചത്. അതേസമയം എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കോടതി നിര്‍ദേശത്തെ കോണ്‍ഗ്രസും ജെഡിഎസും അനുകൂലിച്ചു. നാളെത്തന്നെ വോട്ടെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി പറഞ്ഞു. 

ഭൂരിപക്ഷമില്ലാത്ത കക്ഷിയെ ഗവര്‍ണര്‍ എങ്ങനെ ക്ഷണിക്കുമെന്ന് അഭിഷേക് മനു സിങ്‌വി ചോദിച്ചു. ഇക്കാര്യം പിന്നീട് പരിശോധിക്കാമെന്ന് ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു. വിശ്വാസവോട്ട് തേടുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. അത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി പറഞ്ഞു. 

സര്‍ക്കാര്‍  രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ബിജെപി കോടതിയില്‍ ഹാജരാക്കി. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് എന്ന അവകാശവാദമാണ് കത്തിലുള്ളത്. ഇതിനെ ചോദ്യ ശരങ്ങളോടെയാണ് സുപ്രീംകോടതി നേരിട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എങ്ങനെയെന്ന് ജസ്റ്റിസ് സിക്രി ചോദിച്ചു. കോണ്‍ഗ്രസ് നല്‍കിയ കത്തില്‍ പിന്തുണക്കുന്നവരുടെ വിവരങ്ങളുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍  ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ വായിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് ആദ്യ കത്തിലുള്ളത്. മറ്റുള്ളവരുടെ പിന്തുണയും ഭൂരിപക്ഷവുമുണ്ടെന്ന് രണ്ടാമത്തെ കത്തില്‍ യെദ്യൂരപ്പ അവകാശപ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com