കോണ്‍ഗ്രസില്‍നിന്ന് രണ്ടു പേര്‍ മുങ്ങി, ബിജെപിയില്‍നിന്ന് ഒരാളും; ചരടുവലികള്‍ തുടരുന്നു

മൂന്നു പേരുടെ അസാന്നിധ്യത്തില്‍ സഭയിലെ അംഗബലം 218 ആയി കുറഞ്ഞു. 109 പേരുടെ പിന്തുണയുണ്ടെങ്കില്‍ വിശ്വാസവോട്ടു നേടാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ
കോണ്‍ഗ്രസില്‍നിന്ന് രണ്ടു പേര്‍ മുങ്ങി, ബിജെപിയില്‍നിന്ന് ഒരാളും; ചരടുവലികള്‍ തുടരുന്നു

ബംഗളൂരു: കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ വൈകിട്ടു വിശ്വാസവോട്ടു തേടാനിരിക്കെ മൂന്ന് എംഎല്‍എമാര്‍ ശനിയാഴ്ച ഉച്ചയോടെയും സഭയില്‍ എത്തിയില്ല. കോണ്‍ഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും അംഗങ്ങളാണ് സഭയില്‍നിന്നു വിട്ടുനില്‍ക്കുന്നത്. 

കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും തുടക്കം മുതല്‍ തന്നെ പാര്‍ട്ടി സംഘത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ആനന്ദ് സിങ്ങിനെ ബിജെപി ഭീഷണിപ്പെടുത്തി കൂടെക്കൂട്ടിയെന്ന ആരോപണം കോണ്‍ഗ്രസ് തന്നെ ഉന്നയിച്ചിരുന്നു. പ്രതാപ് ഗൗഡ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ഒപ്പം ഉണ്ടായിരുന്നില്ലെങ്കിലും സഭയില്‍ എത്തുമെന്ന വിശ്വാസത്തിലായിരുന്നു പാര്‍ട്ടി നേതൃത്വം. എന്നാല്‍ ഇന്നു സത്യപ്രതിജ്ഞയ്ക്കായി പേരു വിളിച്ചപ്പോഴും ഇരുവരും സഭയില്‍ എത്തിയിട്ടില്ല.

ആനന്ദ് സിങ്ങും പ്രതാപ് ഗൗഡയും നഗരത്തില്‍ തന്നെയുള്ള ഹോട്ടലില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പാര്‍ട്ടി രാവിലെ തന്നെ വിപ്പ് നല്‍കിയിരുന്നു. വിട്ടുനില്‍ക്കുന്ന രണ്ടുപേര്‍ക്കും ഹോട്ടലില്‍ എത്തി വിപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ബിജെപി ക്യാംപിനെ ഞെട്ടിച്ച് ഒരു എംഎല്‍എ ഇനിയും സഭയില്‍ ഹാജരായില്ല. ജി സോമശേഖര്‍ റെഡ്ഡിയാണ് സഭയില്‍നിന്നു വിട്ടുനില്‍ക്കുന്നത്. സത്യപ്രതിജ്ഞയ്ക്കു പേരു വിളിച്ചപ്പോള്‍ റെഡ്ഡി സഭയില്‍ ഹാജരായിരുന്നില്ല.

മൂന്നു പേരുടെ അസാന്നിധ്യത്തില്‍ സഭയിലെ അംഗബലം 218 ആയി കുറഞ്ഞു. 109 പേരുടെ പിന്തുണയുണ്ടെങ്കില്‍ വിശ്വാസവോട്ടു നേടാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രോടെം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട കെജി ബൊപ്പയ്യയെ ഒഴിച്ചുനിര്‍ത്തിയാല്‍ 103 പേരുടെ പിന്തുണയാണ് ബിജെപിക്ക് ഉറപ്പായിട്ടുള്ളത്. രണ്ട് സ്വതന്ത്രര്‍ ബിജെപി ക്യാംപില്‍ എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ബിജെപിയുടെ അംഗബലം 105 ആയി ഉയരും. അഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൂടി കൂറുമാറി വോട്ടുചെയ്യുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

അതേസമയം എംഎല്‍എമാര്‍ക്ക് 15 കോടി വ്ാഗ്ദാനവുമായി വീണ്ടും ബിജെപി സമീപിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍സി ഉഗ്രപ്പ രംഗത്തുവന്നു. എംഎല്‍എമാരുടെ ഭാര്യമായി വിളിച്ചാണ് വാഗ്ദാനം മുന്നോട്ടുവച്ചത്. പിന്തുണയ്ക്കു പകരമായി 15 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്‌തെന്നാണ് ഉഗ്രപ്പ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com