പ്രതാപ് ഗൗഡ അവസാന നിമിഷമെത്തി; ആനന്ദ് സിങിനെ കുറിച്ച് വിവരമില്ല; 220 പേര്‍ സഭയില്‍

കര്‍ണാടകയില്‍ നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന്  പ്രതാപ് ഗൗഡ പാട്ടീല്‍ നിയമസഭയില്‍ എത്തി
പ്രതാപ് ഗൗഡ അവസാന നിമിഷമെത്തി; ആനന്ദ് സിങിനെ കുറിച്ച് വിവരമില്ല; 220 പേര്‍ സഭയില്‍

ബംഗലൂരു: കര്‍ണാടകയില്‍ നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന്  പ്രതാപ് ഗൗഡ പാട്ടീല്‍ നിയമസഭയില്‍ എത്തി. വിധാന്‍സഭയില്‍ സഭാ നടപടികള്‍ ആരംഭിച്ചുവെങ്കിലും ബിജെപിയുടെ തടങ്കലില്‍ കഴിയുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്ന ആനന്ദ് സിങ് ഇതുവരെ എത്തിചേര്‍ന്നിട്ടില്ല. എങ്കിലും ആനന്ദ് സിങ് ഒഴികെ 220 എംഎല്‍എമാരും സഭയിലെത്തി. 

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചുമണിക്ക് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. ഞായറാഴ്ച അടിയന്തര ക്യാബിനറ്റ് ചേര്‍ന്ന് ജനകീയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും എല്ലാം തീരുമാനിച്ച് ഉറപ്പിച്ചപോലെ യെദ്യൂരപ്പ പ്രതികരിച്ചു.വിധാന്‍ സൗധ ചേരുന്നതിന് മുന്‍പുളള ഈ പ്രതികരണം കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംഘത്തില്‍ നിന്നും വിട്ടുനിന്നിരുന്ന പ്രതാപ് ഗൗഡ പാട്ടീല്‍ സഭയില്‍ എത്തിയത്. ഇത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണ്. നേരത്തെ പ്രതാപ് ഗൗഡ പാട്ടീല്‍ ബിജെപി ക്യാമ്പിലേയ്ക്ക് പോകുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാല്‍ ഈ ആരോപണം തളളി വെളളിയാഴ്ച തന്നെ പ്രതാപ് ഗൗഡ പാട്ടീല്‍ രംഗത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ആരോപിച്ച് പാട്ടീല്‍ ബിജെപിക്കെതിരെ കടന്നാക്രമണവും നടത്തി.

കഴിഞ്ഞ ദിവസം പാര്‍ട്ടി എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വിജയനഗരത്തില്‍ നിന്നുളള എംഎല്‍എയായ ആനന്ദ് സിങിനെ ബിജെപി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. എംഎല്‍എമാരെ സമ്മര്‍ദത്തിലാക്കാന്‍ എന്‍ഫോഴ്‌സമെന്റിനെ ബിജെപി ദുരുപയോഗം ചെയ്തതിന് തെളിവുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ ആരോപണത്തിന് കരുത്തുപകരുന്നതാണ് ആനന്ദ് സിങിന്റെ അസാനിധ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com