ബൊപ്പയ്യ പ്രോടെം സ്പീക്കറായി തുടരും; സഭാ നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശം

നടപടികള്‍ വിഡിയോയില്‍ റെക്കോഡ് ചെയ്യാന്‍ നിയമസഭാ സെക്രട്ടറിക്കു കോടതി നിര്‍ദേശം നല്‍കി
ബൊപ്പയ്യ പ്രോടെം സ്പീക്കറായി തുടരും; സഭാ നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയില്‍ ബിജെപി അംഗം കെജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തുടരും. ബൊപ്പയ്യയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഉന്നയിച്ച തടസവാദങ്ങള്‍ സുപ്രിം കോടതി അംഗീകരിച്ചില്ല. എന്നാല്‍ വിശ്വാസവോട്ട് ഉള്‍പ്പെടെയുള്ള നിയമസഭാ നടപടികള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ഇതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹര്‍ജി തീര്‍പ്പാക്കി.

പ്രോടെം സ്പീക്കറെ നിയമിക്കാന്‍ കോടതിക്കാവില്ലെന്ന്, കെജി ബൊപ്പയ്യയെ മാറ്റി മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയമിക്കാന്‍ ഗവര്‍ണറോടു നിര്‍ദേശിക്കണമെന്ന കോണ്‍ഗ്രസിന്റെ വാദത്തോടു പ്രതികരിച്ചുകൊണ്ട് കോടതി പറഞ്ഞു. നിയമസഭാ നടപടികളുടെ സുതാര്യതയാണ് പ്രശ്‌നമെന്നു കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ചൂണ്ടിക്കാട്ടിയപ്പോള്‍, നടപടികള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനോടു യോജിച്ചു. 

നിയമസഭാ നടപടികള്‍ വിഡിയോയില്‍ പകര്‍ത്തണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. കെജി ബൊപ്പയ്യയ്‌ക്കെതിരായ ഹര്‍ജിയിലൂടെ ഈ ആവശ്യം നേടിയെടുത്തത് കോണ്‍ഗ്രസ് സഖ്യത്തിനു നേട്ടമായി. നടപടികള്‍ ചാനലുകള്‍ക്കു സ്വന്തം നിലയ്ക്കു സംപ്രേഷണം ചെയ്യാം. സര്‍ക്കാരോ സ്പീക്കറോ ഇതു തടസ്സപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. നടപടികള്‍ വിഡിയോയില്‍ റെക്കോഡ് ചെയ്യാന്‍ നിയമസഭാ സെക്രട്ടറിക്കു കോടതി നിര്‍ദേശം നല്‍കി. സത്യപ്രതിജ്ഞയും വിശ്വാസവോട്ടും ഒഴികെ സഭ മറ്റു നടപടികളിലേക്കു കടക്കരുതെന്നും ജസ്റ്റിസ് എകെ സിക്രിയും എസ്എ ബോബ്‌ഡെയും അശോക് ഭൂഷണും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെതന്നെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്നില്ലെന്ന് വാദത്തിനിടെ സുപ്രിം കോടതി ചൂണ്ടിക്കാട്ടി. കെജി ബൊപ്പയ്യയുടെ അധ്യക്ഷതയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് - ജനതാ ദള്‍ എസ് സഖ്യത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ വിശ്വാസവോട്ട് കെജി ബൊപ്പയ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത് അനുവദിക്കാനാവില്ലെന്നായിരുന്നു സിബലിന്റെ നിലപാട്. മുമ്പ് പക്ഷപാതപരമായി പെരുമാറിയതിന് സുപ്രിം കോടതിയില്‍നിന്നു തന്നെ വിമര്‍ശനമേറ്റുവാങ്ങിയ ആളാണ് ബൊപ്പയ്യയെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ബൊപ്പയ്യയ്ക്കു കീഴില്‍ വിശ്വാസ വോട്ടെടുപ്പു നടക്കുന്നത് പ്രശ്‌നം തന്നെയുണ്ടാക്കുമെന്ന് സിബല്‍ പറഞ്ഞു.

സഭയിലെ മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയമിക്കുക എന്നത് ആഗോളതലത്തില്‍ തന്നെ പിന്തുടരുന്ന കീഴ് വഴക്കമാണെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ വിവേചന അധികാരങ്ങള്‍ക്കു പരിധിയുണ്ടെന്ന് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയതാണെന്നും സിബല്‍ വാദിച്ചു. 

മുതിര്‍ന്ന അംഗത്തെ തന്നെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്നില്ലെന്ന് സിബലിന്റെ വാദത്തിനു മറുപടിയായി ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. ഇതിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവുമെന്ന്, ശിശ്‌റാം ഒല ഉള്‍പ്പെടെയുള്ളവരുടെ നിയമനം ഓര്‍മിപ്പിച്ച് അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന അംഗമല്ലെന്നു മാത്രമല്ല, കളങ്കിതമായ ചരിത്രമുള്ള വ്യക്തി കൂടിയാണ് കെജി ബൊപ്പയ്യയെന്ന് കപില്‍ സിബല്‍ പറഞ്ഞു. കോടതി ഇക്കാര്യം പരിഗണിക്കണം. മുതിര്‍ന്ന അംഗമെന്നു വച്ചാല്‍ പ്രായമല്ല, സഭാംഗമായിരുന്ന കാലയളവാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭേഷ്‌ക സിങവി ചൂണ്ടിക്കാട്ടി. ഇതിനോട് കോടതി യോജിച്ചു. 

മുമ്പ് ഉപജാപത്തിലൂടെ യെദ്യൂരപ്പയ്ക്കു ഭൂരിപക്ഷമുണ്ടാക്കാന്‍ കൂട്ടുനിന്നയാളാണ് ബൊപ്പയ്യയെന്ന് സിബലും അഭിഷേക് സിങ്വിയും വാദിച്ചു. അന്നു സുപ്രിം കോടതി ബൊപ്പയ്യയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്ന്, പഴയ വിധിന്യായം ഉദ്ധരിച്ചുകൊണ്ട് സിബല്‍ പറഞ്ഞു. 

കെജി ബൊപ്പയ്യയ്‌ക്കെതിരായ ആക്ഷേപങ്ങളില്‍ തീരുമാനമെടുക്കും മുമ്പ് അദ്ദേഹത്തിന്റെ വാദം കേള്‍ക്കേണ്ടതില്ലേയെന്ന് ജസ്റ്റിസ് ബോബ്‌ഡെ ചോദിച്ചു. അങ്ങനെയെങ്കില്‍ വിശ്വാസവോട്ട് നീട്ടിവയ്‌ക്കേണ്ടിവരുമെന്ന് കോടതി പറഞ്ഞു. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്ന് ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കണമെന്ന കപില്‍ സിബലിന്റെ ആവശ്യം കോടതി തള്ളി. നിയമം കൊണ്ടു സ്ഥാപിക്കാത്ത ഒരു കാര്യം ചെയ്യണമെന്ന് എങ്ങനെ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കോടതിക്കാവുമെന്ന് ജസ്റ്റിസ് എകെ സിക്രി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com