കര്‍ണാടകയില്‍ തോറ്റതിന് തെലങ്കാനയില്‍ പകരം വീട്ടാന്‍ ബിജെപി; തെരഞ്ഞെടുപ്പ് പദ്ധതി ആസൂത്രണം ചെയ്ത് അമിത് ഷാ

കര്‍ണാടക തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാന്‍ തെലങ്കാന പിടിച്ചെടുക്കാന്‍ ലക്ഷ്യം വെച്ച് ബിജെപി
കര്‍ണാടകയില്‍ തോറ്റതിന് തെലങ്കാനയില്‍ പകരം വീട്ടാന്‍ ബിജെപി; തെരഞ്ഞെടുപ്പ് പദ്ധതി ആസൂത്രണം ചെയ്ത് അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാന്‍ തെലങ്കാന പിടിച്ചെടുക്കാന്‍ ലക്ഷ്യം വെച്ച് ബിജെപി. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം ബിജെപി ശക്തമാക്കി. ദക്ഷിണേന്ത്യയില്‍ വേരോട്ടം നേടാന്‍ കര്‍ണാടകയാണ് ബിജെപി ആദ്യം ലക്ഷ്യം വെച്ചത്. ഉത്തരേന്ത്യയില്‍ ശക്തമായ ഭരണവിരുധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ കാലുറപ്പിക്കാനുള്ള ബിജെപിയുടെ ആദ്യ ശ്രമമായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ അധികാരം നഷ്ടമായത് തിരിച്ചടിയായി. ഇതിന് പകരം തെലങ്കാന പിടിച്ചെടുക്കുക എന്നതാണ് പാര്‍ട്ടിയുടെ പദ്ധതി. ബിജെപിക്ക് സംഘടന സ്വാധീനം കൂടുതലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനം കൂടിയാണ് തെലങ്കാന. 

തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഒട്ടും വൈകേണ്ടതില്ല എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്ത മാസം ആദ്യം തെലങ്കാന സന്ദര്‍ശിക്കും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കാനും ആവശ്യമായ പ്രചാരണ സാധ്യതകള്‍ കണ്ടെത്താനും ഉദ്ദേശിച്ചാണ് അമിത് ഷായുടെ സന്ദര്‍ശനം. 

തെലങ്കാനയില്‍ ഭരണം പിടിക്കാനായി ഓരോ നിയമസഭാ മണ്ഡലങ്ങളിലും ബൂത്തുതലം മുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി. തിനായി ഒരു പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ മുഴുവന്‍ ലിസ്റ്റും തയ്യാറാക്കി ഒരു പ്രവര്‍ത്തകനെ ചുമതലയേല്‍പ്പിക്കും. 'പന്നാ പ്രമുഖ്'  എന്നാണ് ഇയാളെ വിശേഷിപ്പിക്കുക. പല സംസ്ഥാനങ്ങളിലും ബിജെപി വിജയകരമായി പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് ഇത്. 

119 മണ്ഡലങ്ങളാണ് തെലങ്കാനയിലുള്ളത്. 17 ലോക്‌സഭാ മണ്ഡലങ്ങളും. ഒരോ ലോക്‌സഭാ മണ്ഡലങ്ങളും പ്രത്യേകം നേതാക്കള്‍ നേതൃത്വം വഹിക്കും. ഇതിന് പുറമെ ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്, കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍, ബിഹാര്‍ മന്ത്രി മംഗള്‍ പാണ്ഡെ എന്നിവരും ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രചാരണങ്ങള്‍ നേതൃത്വം നല്‍കും. 

എന്നാല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അത്രകണ്ട് എളുപ്പമായിരിക്കില്ല. ബിജെപിയെ വെല്ലുവിളിച്ച് മൂന്നാം മുന്നണിയുണ്ടാക്കാന്‍ മുന്നില്‍ നില്‍ക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖറ റാവു തന്നെയാണ് ബിജെപിയുടെ പ്രധാന കടമ്പ. തെലങ്കാനയോടുള്ള കേന്ദ്ര സമീപനത്തില്‍ അതൃപ്തനായ കെസിആര്‍, മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോടൊപ്പം ബിജെപി വിരുദ്ധ മുന്നണി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അത്രവേഗം കീഴടങ്ങാന്‍ കെസിആറും ഒരുക്കമല്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രത്യേക ഉണര്‍വ് നല്‍കിയിട്ടുമുണ്ട്. കര്‍ണാടകയെ വെല്ലുന്ന മത്സരങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും തെലങ്കാനയില്‍ വേദിയൊരുങ്ങിയേക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com