മറ്റൊരു കര്‍ണാടക ആവര്‍ത്തിക്കരുത്; രാജസ്ഥാനില്‍ ഇനി കളി നിയന്ത്രിക്കുന്നത് ആര്‍എസ്എസ് നേരിട്ട്,പുതിയ ചുമതലക്കാരന്‍ വരുന്നു

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഏറെ നിര്‍ണാകയമായ രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്തുന്നതിന് തന്ത്രങ്ങള്‍ മെനയുകയാണ് ആര്‍എസ്എസ്
മറ്റൊരു കര്‍ണാടക ആവര്‍ത്തിക്കരുത്; രാജസ്ഥാനില്‍ ഇനി കളി നിയന്ത്രിക്കുന്നത് ആര്‍എസ്എസ് നേരിട്ട്,പുതിയ ചുമതലക്കാരന്‍ വരുന്നു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപി നേരിട്ട തിരിച്ചടിക്ക് പിന്നാലെ ചടുല നീക്കവുമായി ആര്‍എസ്എസ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഏറെ നിര്‍ണാകയമായ രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്തുന്നതിന് തന്ത്രങ്ങള്‍ മെനയുകയാണ് ആര്‍എസ്എസ്. ഇതിന്റെ ഭാഗമായി ആര്‍എസ്എസില്‍ നിന്നുളള ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാലിന് രാജസ്ഥാന്റെ ചുമതല കൈമാറാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് തൂത്തുവാരിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് സുനില്‍ബന്‍സാല്‍ ആണ്. അമിത് ഷായുടെ അടുത്ത വിശ്വസ്തനായ സുനില്‍ ബന്‍സാലിനെ മുന്നില്‍ നിര്‍ത്തി രാജസ്ഥാനില്‍ ബിജെപിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ആര്‍എസ്എസിന്റെ പദ്ധതി. 

ഈ വര്‍ഷം അവസാനമാണ് രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തിലുളള സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വസുന്ധര രാജ സിന്ധ്യയെ മാറ്റി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടാന്‍ മറ്റൊരു നേതാവില്ലാത്തതും ബിജെപി നേരിടുന്ന വെല്ലുവിളിയാണ്. ഇതിനിടെ വസുന്ധര രാജ സിന്ധ്യ തന്നെയായിരിക്കും രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാാനാര്‍ത്ഥി എന്ന് നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെ ജനങ്ങളില്‍ വിശ്വാസമാര്‍ജിച്ച് മുന്നോട്ടുപോകാനാണ് ആര്‍എസ്എസ് നേതൃത്വം ആഗ്രഹിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച സുനില്‍ ബന്‍സാല്‍ രാജസ്ഥാനില്‍ ചലനമുണ്ടാക്കുമെന്ന് ആര്‍എസ്എസ് കണക്കുകൂട്ടുന്നു. രാജസ്ഥാന്‍ സ്വദേശി ആണെന്നത് ബന്‍സാലിന് അനുകൂല ഘടകമാകും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്താനും ആര്‍എസ്എസിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2014ന് തൊട്ടുമുന്‍പാണ് ഉത്തര്‍പ്രദേശിന്റെ ചുമതല ബന്‍സാലിന് ആര്‍എസ്എസ് കൈമാറുന്നത്. തുടര്‍ന്ന് ചിട്ടയായ പ്രവര്‍ത്തനത്തിലുടെ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കഴിവു തെളിയിക്കുകയായിരുന്നു.  ബന്‍സാലിനെ ഉപയോഗിച്ച് പരീക്ഷിച്ച പോലെ ഉത്തര്‍പ്രദേശില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സംഘപരിവാര്‍ ബന്ധമുളള ഒരാളെ കൊണ്ടുവന്നു സംസ്ഥാനത്തിന്റെ ചുമതല നല്‍കാനും ആര്‍എസ്്എസ് ഉദേശിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ആര്‍എസ്എസ് കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com